
കായംകുളം: ഒരേ വാഴക്കുലയിൽ പച്ചയും ചുവപ്പും നിറത്തിലുള്ള കായ്കൾ. കായംകുളത്ത് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഈ അപൂർവ കാഴ്ച. കാപ്പിൽ കിഴക്ക് മുസ്ലിം ജമാഅത്തിന്റെ നൂറുൽ ഹുദ മദ്റസ വളപ്പിലാണ് വ്യത്യസ്ത നിറങ്ങളിലുള്ള കായ്കളുമായി വാഴ കുലച്ചത്. സാധാരണയായി ചെങ്കദളി, പച്ചവാഴ തുടങ്ങിയ ഇനങ്ങൾ വ്യത്യസ്ത കുലകളായാണ് കാണപ്പെടുന്നത്. എന്നാൽ മദ്റസ വളപ്പിൽ നട്ടുവളർത്തിയ വാഴ കുലച്ചപ്പോഴാണ് ഒരേ കുലയിൽ തന്നെ പച്ചയും ചുവപ്പും നിറത്തിലുള്ള കായ്കൾ പ്രത്യക്ഷപ്പെട്ടത്.
ഇത് സാധാരണ വാഴകളിൽനിന്ന് വ്യത്യസ്തമായ അപൂർവ പ്രതിഭാസമാണെന്നാണ് കൃഷി വിദഗ്ധരുടെ വിലയിരുത്തൽ. സസ്യങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ജനിതക വ്യതിയാനമായ ‘ചിമേര’ പ്രതിഭാസമാകാം ഇതിന് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വാഴ വളരുന്ന ഘട്ടത്തിൽ കോശങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് ഒരേ സസ്യത്തിൽ തന്നെ വ്യത്യസ്ത നിറങ്ങളിലുള്ള കായ്കൾ രൂപപ്പെടാൻ കാരണമാകുന്നത്. പുറംനിറത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇവയുടെ രുചിയിലും പോഷകഗുണങ്ങളിലും കാര്യമായ മാറ്റമുണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു. സാധാരണ പഴങ്ങൾ പോലെ തന്നെ ഇവ ഭക്ഷിക്കാമെന്നും കൃഷി വിദഗ്ധർ വ്യക്തമാക്കുന്നു.











