07:41pm 08 November 2026
NEWS
സംസ്കൃതി ഖത്തർ : സിവിശ്രീരാമൻസാഹിത്യ പുരസ്കാരം സുകുമാർ കാനഡക്ക്
08/11/2026  11:36 AM IST
nila
സംസ്കൃതി ഖത്തർ : സിവിശ്രീരാമൻസാഹിത്യ പുരസ്കാരം സുകുമാർ കാനഡക്ക്

ദോഹ: സംസ്കൃതി ഖത്തർ പതിമൂന്നാമത് 'സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2026' ഡോ. സുകുമാർ കാനഡക്ക്.ദോഹയിൽ നടന്നവാർത്തസമ്മേളനത്തിലാണ്പുരസ്കാരജേതാവിനെ പ്രഖ്യാപിച്ചത്.
‘മാനസിയുടെ നോവലുകൾ’ എന്ന ചെറുകഥയാണ് ഡോ. സുകുമാറിനെ പുരസ്കാരത്തിനർഹനാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
1987 മുതൽ കാനഡയിലെ വാൻകൂവറിൽ താമസമാക്കിയ എൻജിനീയറും എഴുത്തുകാരനുമായ ഡോ. സുകുമാർ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയാണ്. കാനഡയിലേക്ക് കുടിയേറുംമുമ്പ് കാലിക്കറ്റ് റീജിയണൽ എൻജിനീയറിങ് കോളേജിൽ (REC) അദ്ധ്യാപകനായിരുന്നു.
വിവിധ പുസ്തകങ്ങളുടെ രചയിതാവായ ഡോ. സുകുമാർ,
മാതൃഭൂമി യാത്ര, മാതൃഭൂമി ദിനപത്രം, മനോരമ ദിനപത്രം, കലാകൗമുദി, എഴുത്ത് മാഗസിൻ തുടങ്ങി വിവിധ പത്രങ്ങളിലും അനുകാലികങ്ങളിലും ലേഖനങ്ങളും ചെറുകഥകളും യാത്രാവിവരണങ്ങളും ചിത്രങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈരളി, അമൃത ടിവി ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഡോ. സുകുമാറിന് 'ദ്രൗപദി' എന്ന നോവലിന്‍റെ വിവർത്തനത്തിന് 2024-ലെ ഫോക്കാനയുടെ (FOKANA) മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പ്രശസ്ത കഥാകാരനും നോവലിസ്റ്റും സാഹിത്യ അക്കാദമി, വയലാർ അവാർഡ് ജേതാവുമായ  ടി ഡി രാമകൃഷ്ണൻ ചെയർമാനും  ഈ വർഷത്തെ വയലാർ അവാർഡ് ജേതാവ് ആർ രാജശ്രീ,  കെ വി മോഹൻകുമാർ  അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.
വിഷയത്തിലെ പുതുമയും, ഭാഷ, ക്രാഫ്റ്റ്, കഥാപാത്രവികാസം എന്നിവയിലെ മികവും ഡോ. സുകുമാറിന്‍റെ ‘മാനസിയുടെ നോവലുകൾ’ എന്ന കഥയുടെ പ്രത്യേകതകളായി പുരസ്‌കാരസമിതി നിരീക്ഷിച്ചു 
ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫുനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച 91 ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്.ഖത്തറിൽ നിന്നും 
23 കഥകളാണ് ലഭിച്ചത്.
 നവംബർ 19 വെള്ളിയാഴ്ച വൈകിട്ട് ഐ സി സി അശോകഹാളിൽ  പുരസ്കാരസമർപ്പണവും സംസ്കാരിക സമ്മേളനവും  നടക്കും. അവാർഡ് സമിതി ചെയർമാനും പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ ടി ഡി രാമകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തും.
ഖത്തർ സംസ്കൃതി ഓഫീസിൽ നടന്നവാർത്താസമ്മേളനത്തിൽ സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം, സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം എ സുനിൽകുമാർ, പുരസ്‌ക്കാരസമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img