01:03pm 13 November 2026
NEWS
തൃപ്പൂണിത്തുറയുടെ കലാ സാംസ്കാരിക ഗ്രാന്റുകൾ പുനഃസ്ഥാപിക്കും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്
23/07/2026  08:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃപ്പൂണിത്തുറയുടെ കലാ സാംസ്കാരിക ഗ്രാന്റുകൾ പുനഃസ്ഥാപിക്കും സാംസ്കാരിക വകുപ്പ്  മന്ത്രി പി സി  വിഷ്ണുനാഥ്
HIGHLIGHTS

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കൾക്കുള്ള ആദരവ് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി . വിഷ്ണുനാഥ് ദേശീയ പുരസ്‌കാര ജേതാവ് തൃപ്പുണിത്തുറ രാധാകൃഷ്‌ണന്  സമ്മാനിക്കുന്നു.രമേഷ്  പിഷാരടി എം.എൽ.എ, ദീപക് ജോയ് എം.എൽ. എ  , മുൻ മന്ത്രി കെ. ബാബു എന്നിവർ സമീപം

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കൾക്ക് തൃപ്പൂണിത്തുറയിൽ പൗരസ്വീകരണം നൽകി.തൃപ്പൂണിത്തുറയിലെ കഥകളി ക്ലബ്ബിനും സംഗീത സമിതിക്കും മുൻപ് ലഭിച്ചിരുന്നതും പിന്നീട് മുടങ്ങിപ്പോയതുമായ സാമ്പത്തിക ഗ്രാന്റുകൾ അടുത്ത വർഷത്തെ ബജറ്റ് മുതൽ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കൾക്ക് തൃപ്പൂണിത്തുറയിൽ പൗരസ്വീകരണം നൽകുന്നതിനായി തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു കലാകാരനെ ആദരിക്കുമ്പോൾ ആ വ്യക്തിയെമാത്രമല്ല, ഒരു നാടിന്റെ പാരമ്പര്യവും, സംസ്കാരവും ആണ് ആദരിക്കപ്പെടുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ പ്രശസ്ത മോഹിനിയാട്ടം ആചാര്യ ശ്രീദേവി ടീച്ചർ, പ്രശസ്ത സംഗീതജ്ഞൻ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ  മന്ത്രി ആദരിച്ചു.

കേരളത്തിന്റെ സ്വന്തം നൃത്തരൂപമായ മോഹിനിയാട്ടത്തെ വരുംതലമുറകൾക്ക് പകർന്നുനൽകാൻ ജീവിതം സമർപ്പിച്ച ശ്രീദേവി ടീച്ചർക്ക് ലഭിച്ച പുരസ്കാരം കേരളത്തിന്റെ കലാമേഖലയ്ക്കുള്ള അംഗീകാരമാണ്. ചെമ്പൈ സ്വാമികൾ, എം.ഡി. രാമനാഥൻ, യേശുദാസ് തുടങ്ങി സംഗീതലോകത്തെ മഹാന്മാരോടൊപ്പം അരനൂറ്റാണ്ടിലധികം വേദി പങ്കിട്ട തൃപ്പൂണിത്തുറ രാധാകൃഷ്ണനെപ്പോലുള്ള കലാകാരന്മാർക്ക് പുരസ്കാരം ലഭിക്കുമ്പോൾ അവാർഡുകളുടെ മാറ്റും മൂല്യവുമാണ് വർദ്ധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃപ്പൂണിത്തുറയിൽ നിന്നാണ് കേരളത്തിന്റെ ആഘോഷങ്ങൾ തുടങ്ങുന്നതെന്നും, ഇവിടുത്തെ എല്ലാ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെയും സാംസ്കാരിക വകുപ്പിന്റെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

 പൗരസ്വീകരണ സമിതി ചെയർമാൻ കെ. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രമേഷ് പിഷാരടി എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു . ദീപക് ജോയ് എം.എൽ.എ, തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ അഡ്വ. പി.എൽ. ബാബു, തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർപേഴ്സൺ രാധികാവർമ്മ, മുൻ ചെയർമാൻ ആർ. വേണുഗോപാൽ, എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ടി അഖിൽദാസ് , യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ സി.എ. ഷാജി, സംഗീതജ്ഞൻ ഡോ. ശ്രീവത്സൻ ജെ. മേനോൻ, ആർ.എൽ.വി. കോളേജ് മോഹിനിയാട്ടം വിഭാഗം മേധാവി ഡോ. എസ് ശാലിനി, പൗരസ്വീകരണ സമിതി കൺവീനർ രാജ്‌മോഹൻ വർമ്മ, ബാലസുബ്രഹ്മണ്യൻ, ആർ.എൽ.വി. ഗവ. കോളേജ് പ്രിൻസിപ്പാൾ ആർ. രാജലക്ഷ്മി,എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

 ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, ജി. എൻ. സ്വാമി സംഗീത വിദ്യാലയം, നൃത്യക്ഷേത്ര എന്നിവിടങ്ങളിലെ  കലാകാരന്മാ കലാകാരികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും സ്വീകരണ ചടങ്ങിന് മാറ്റ് കൂട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img