
ദോഹ: സാംസ്കാരിക ഉള്ളടക്കങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നൂതനമായ ഡിജിറ്റൽ പരിഹാരങ്ങൾ നടപ്പിലാക്കാനുള്ള ഖത്തർ മ്യൂസിയംസിന്റെ (QM) പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ വലിയ അംഗീകാരം. 2026-ൽ ഇതുവരെ ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഖത്തർ മ്യൂസിയംസ് കരസ്ഥമാക്കി.
ലോകത്തിലെ പ്രമുഖ ഡിജിറ്റൽ പുരസ്കാരങ്ങളായ 'ദ വെബ്ബി അവാർഡ്‌സ്' (The Webby Awards), 'അവാർഡ്‌സ്' (Awwwards) എന്നിവയിലാണ് ഖത്തർ മ്യൂസിയംസിന്റെ നേട്ടം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെറ്റാവേഴ്സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ പൈതൃക സംരക്ഷണത്തിന് ഉപയോഗപ്പെടുത്തിയതാണ് ഈ നേട്ടത്തിന് പിന്നിൽ.ഇന്റർനെറ്റ് ലോകത്തെ പരമോന്നത ബഹുമതിയായി കരുതപ്പെടുന്ന വെബ്ബി അവാർഡ്‌സിൽ ഒന്നിലധികം വിഭാഗങ്ങളിൽ ഖത്തർ മ്യൂസിയംസ് ആദരിക്കപ്പെട്ടു. 70 രാജ്യങ്ങളിൽ നിന്നുള്ള 13,000 എൻട്രികളിൽ നിന്നാണ് ഈ നേട്ടം.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഖത്തറിന്റെ സാംസ്കാരിക അടയാളങ്ങൾ അടുത്തറിയാനുള്ള ലോകത്തിലെ തന്നെ ആദ്യത്തെ പ്ലാറ്റ്‌ഫോമായ
എ.ഐ ടൂർ ഇതിനകം ലോക ശ്രദ്ധനേടികഴിഞ്ഞു.ഖത്തർ നാഷണൽ മ്യൂസിയത്തിലെ ത്രീഡി ദൃശ്യങ്ങളും ഓഗ്മെന്റഡ് റിയാലിറ്റിയും സംയോജിപ്പിച്ച ഡിജിറ്റൽ മ്യൂസിയം പരിസ്ഥിതിക്കും പുരസ്കാരം ലഭിച്ചു.വെബ് ഡിസൈനർമാരുടെയും ഡെവലപ്പർമാരുടെയും ആഗോള സംഘടനയായ 'അവാർഡ്‌സ്' (Awwwards) ഖത്തർ മ്യൂസിയത്തിന് അഞ്ച് റിബണുകളും ഒരു പ്രത്യേക പരാമർശവും നൽകി.ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സാംസ്കാരിക രംഗം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രാപ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡിജിറ്റൽ എക്സ്പീരിയൻസ് ഡയറക്ടർ അസ്മ അൽ ജഫാരി പറഞ്ഞു.
അറബ് കലാകാരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന 'മതാഫ് എൻസൈക്ലോപീഡിയ', ഡിസൈൻ ദോഹ വെബ്സൈറ്റ്, പതിനായിരക്കണക്കിന് കലാരൂപങ്ങൾ 2D, 3D രൂപത്തിൽ കാണാൻ സാധിക്കുന്ന ഖത്തർ മ്യൂസിയംസ് ഓൺലൈൻ കളക്ഷൻ എന്നിവ ഡിജിറ്റൽ രംഗത്തെ ഈ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളാണ്. ഈ നേട്ടം ഖത്തറിന്റെ സാംസ്കാരിക മേഖലയെ ആഗോളതലത്തിൽ കൂടുതൽ ഉയരങ്ങളിലെത്തിക്കും.










