09:45pm 13 November 2026
NEWS
തമിഴ്നാട്ടിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ആശങ്ക കേരളത്തിലെ ഇടതുപക്ഷത്തിന്
04/04/2026  12:42 PM IST
nila
തമിഴ്നാട്ടിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ആശങ്ക കേരളത്തിലെ ഇടതുപക്ഷത്തിന്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ നെഞ്ചിടിപ്പ് കൂടിയത് കേരളത്തിലെ ഇടതുമുന്നണിക്ക്. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി. പ്രവീൺ തമിഴ്നാട്ടിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായതാണ് കേരളത്തിലെ ഇടതു മുന്നണിക്ക് ആശങ്ക ഉയർത്തുന്നത്. കേരള അതിർത്തിക്ക് സമീപമുള്ള വിളവങ്കോട് മണ്ഡലത്തിലാണ് ടി ടി പ്രവീൺ ഇത്തവണ മത്സരരംഗത്തിറങ്ങുന്നത്.

കേരള രാഷ്ട്രീയത്തിലും പ്രതിഫലനം ഉണ്ടാക്കാൻ സാധ്യതയുള്ള മണ്ഡലമായി വിളവങ്കോടിനെ രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നു. തിരുവനന്തപുരം മേഖലയിലെ ചില മണ്ഡലങ്ങളിൽ സിഎസ്‌ഐ സഭയ്ക്ക് ഉള്ള സ്വാധീനം കണക്കിലെടുത്താണ് പ്രവീണിന്റെ സ്ഥാനാർത്ഥിത്വം എന്ന വിലയിരുത്തലും ശക്തമാണ്. നെയ്യാറ്റിൻകര, പാറശാല, നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിൽ സഭക്ക് നിർണായക സ്വാധീനമുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം തന്നെ ശക്തമായ മത്സരമാണ് നടക്കുന്നതും. പ്രവീണിന്റെ സ്ഥാനാർത്ഥിത്വത്തോടെ സഭ കോൺ​ഗ്രസിനൊപ്പം നിൽക്കുമോ എന്ന ആശങ്ക ഇടതു കേന്ദ്രങ്ങളിൽ ഉയർന്നുകഴിഞ്ഞു. 

സഭയെ പിന്തുണക്കുന്ന രാഷ്ട്രീയകക്ഷിക്ക് സഭ പിന്തുണ നൽകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നീക്കങ്ങൾ. ഇതിലൂടെ കേരളത്തിലെ ക്രൈസ്തവ വോട്ടുബാങ്കിനെയും പരോക്ഷമായി സ്വാധീനിക്കാനാണ് ശ്രമമെന്ന വിലയിരുത്തലുണ്ട്.

തമിഴ്നാട്ടിൽ കോൺഗ്രസിന്റെ ശക്തമായ സീറ്റുകളിലൊന്നാണ് വിളവങ്കോട്. 2021ലെ തിരഞ്ഞെടുപ്പിൽ 28,669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചിരുന്നു. തുടർന്ന് 2024ലെ ഉപതിരഞ്ഞെടുപ്പിൽ ആ ഭൂരിപക്ഷം ഇരട്ടിയോളമാക്കി നിലപാട് കൂടുതൽ ഉറപ്പിച്ചു. 2021ൽ കോൺഗ്രസിനായി വിജയിച്ച എസ്. വിജയധരണി ബിജെപി സ്ഥാനാർത്ഥിയായി രംഗത്തെത്തുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img