
ദോഹ: ഖത്തറിലെ വ്യവസായ മേഖലയുടെ ഉൽപ്പാദക വില സൂചിക (Producer Price Index – PPI) 2025 നവംബറിൽ 100.45 പോയിന്റ് ആയി രേഖപ്പെടുത്തി. ഇത് മുൻമാസമായ ഒക്ടോബർ 2025നുമായി താരതമ്യം ചെയ്യുമ്പോൾ 0.27 ശതമാനം ഇടിവും, 2024 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 9.28 ശതമാനം വാർഷിക ഇടിവും സൂചിപ്പിക്കുന്നതായി നാഷണൽ പ്ലാനിങ് കൗൺസിൽ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
വ്യവസായ പി.പി.ഐയിൽ ഏറ്റവും വലിയ പങ്ക് ഖനന മേഖലക്കാണ് (82.46%). ഇതിന് പിന്നാലെ നിർമ്മാണ മേഖല (15.85%), വൈദ്യുതി മേഖല (1.16%), ജലവിതരണ മേഖല (0.53%) എന്നിവയാണ് ഉൾപ്പെടുന്നത്.
നവംബറിൽ ഖനനവും ഖ്വാറിയിംഗും ഉൾപ്പെടുന്ന മേഖലയിലെ സൂചിക ഒക്ടോബറിനെ അപേക്ഷിച്ച് 0.62 ശതമാനം കുറഞ്ഞു. ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഉള്പ്പെടുന്ന ഖനനവിലകളിൽ ഉണ്ടായ 0.62 ശതമാനത്തിന്റെ ഇടിവാണ് ഇതിന് കാരണം. വാർഷിക അടിസ്ഥാനത്തിൽ ഈ മേഖലയിൽ 11.57 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നിർമ്മാണ മേഖലയിൽ ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 0.51 ശതമാനം വർധന രേഖപ്പെടുത്തി. ബേസിക് മെറ്റൽസ് (1.75%), കെമിക്കൽസ് & കെമിക്കൽ ഉൽപ്പന്നങ്ങൾ (0.79%) എന്നീ ഉപമേഖലകളിലെ വില വർധനയാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സിമന്റ് ഉൾപ്പെടെയുള്ള നൺ-മെറ്റാലിക് ഉൽപ്പന്നങ്ങൾ, പാനീയങ്ങൾ, റിഫൈൻഡ് പെട്രോളിയം ഉൽപ്പന്നങ്ങൾ, റബ്ബർ–പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ വില ഇടിവ് രേഖപ്പെടുത്തി.
വർഷാന്തരമായി, നിർമ്മാണ മേഖലയിൽ 1.33 ശതമാനം വളർച്ച ഉണ്ടായി. കെമിക്കൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രിന്റിംഗ്–മീഡിയ മേഖലകൾ എന്നിവയിൽ വില വർധന രേഖപ്പെടുത്തിയപ്പോൾ, റിഫൈൻഡ് പെട്രോളിയം ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ചില മേഖലകളിൽ വില കുറഞ്ഞു.
വൈദ്യുതി, ഗ്യാസ്, സ്റ്റീം, എയർ കണ്ടീഷനിങ് മേഖലയിൽ പി.പി.ഐ ഒക്ടോബറിനെ അപേക്ഷിച്ച് 9.61 ശതമാനം ഉയർന്നതായും, 2024 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 0.34 ശതമാനം വർധന ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.
ജലവിതരണ മേഖലയിൽ മാസാന്തരമായി 4.28 ശതമാനം വർധനയും, വാർഷിക അടിസ്ഥാനത്തിൽ 19.97 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.











