01:20pm 25 July 2026
NEWS
പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടു; ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വിവരം പുറത്ത്
24/07/2026  08:32 AM IST
nila
 പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടു; ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വിവരം പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് സ്വർണക്കൊള്ളയിൽ നേരിട്ട് ഇടപെട്ടു എന്നാണ് റിമാൻഡ് റിപ്പോർട്ട്. ചില വാർത്താ ചാനലുകൾ റിമാൻഡ് റിപ്പോർട്ട് പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. 

തിരുവാഭരണം കമ്മീഷണർ റെജിലാൽ നൽകിയ എതിർ റിപ്പോർട്ട് അവഗണിച്ചാണ് സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട് പറയുന്നത്. സ്വർണം വേർതിരിച്ച് വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സൗകര്യം സ്മാർട്ട് ക്രിയേഷൻസിന് ഇല്ലെന്നും, പാരമ്പര്യ രീതിയിൽ സ്വർണം പൂശുന്നതാണ് ഉചിതമെന്നും റെജിലാൽ 2025 ജൂലൈ 30-ന് ദേവസ്വം സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ, പി.എസ്. പ്രശാന്ത് ഇടപെട്ട് പാളികൾ ചെന്നൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകിയതായും, റെജിലാലിന് സമ്മർദം ചെലുത്തി അനുകൂല നിലപാട് സ്വീകരിപ്പിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ 2025 ഓഗസ്റ്റ് 2-ന് ചേർന്ന ദേവസ്വം ബോർഡ് യോഗം പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അംഗീകാരം നൽകിയതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പാളികൾ മാറ്റുന്നതിനായി വ്യാജ രേഖകൾ തയ്യാറാക്കിയതായും, അന്നത്തെ ഘട്ടത്തിൽ നിയമപരമായ കരാർ നിലവിലില്ലായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ചെന്നൈയിലെത്തിച്ച ശേഷമാണ് 2025 ഓഗസ്റ്റ് 8-ന് ബെല്ലാരിയിൽ നിന്ന് പോറ്റി മുദ്രപത്രം വാങ്ങിയത്. തുടർന്ന് ഓഗസ്റ്റ് 10-ന് പോറ്റിയും തിരുവാഭരണം കമ്മീഷണർ റെജിലാലും ചേർന്ന് വ്യാജ കരാറിൽ ഒപ്പുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ചെന്നൈയിലെത്തിച്ച 12 സ്വർണപ്പാളികളിൽ നാലെണ്ണത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തതായും, 2019-ലെ സ്വർണക്കൊള്ള മറച്ചുവെക്കാൻ പ്രതികൾ ആസൂത്രിതമായി ഗൂഢാലോചന നടത്തിയതായും എസ്.ഐ.ടി വിലയിരുത്തുന്നു. ഇതിലൂടെ ദേവസ്വം ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിക്ക് അന്യായ ലാഭം നേടിക്കൊടുക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ഇതിനുപുറമെ, 2020 മുതൽ 2025 വരെയുള്ള കാലയളവിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നും എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img