10:07am 23 August 2026
NEWS
മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ പണപ്പിരിവും; 206 കോടി രൂപയുടെ ഇടപാടിൽ ദുരൂഹത
23/08/2026  07:26 AM IST
nila
മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ പണപ്പിരിവും; 206 കോടി രൂപയുടെ ഇടപാടിൽ ദുരൂഹത

തിരുവനന്തപുരം: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയതായി ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സ്പോൺസറുടെ അക്കൗണ്ടിലേക്ക് പുറത്തുള്ള രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി 206 കോടിയിലേറെ രൂപ എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഈ തുക സ്പോൺസറുടേതല്ലെന്നും രണ്ട് സ്ഥാപനങ്ങളും പണം വായ്പയായി നൽകിയെന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.

അക്കൗണ്ടിലെത്തിയ വൻതുക പിന്നീട് ഉടൻതന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതും അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതോടെ പണമിടപാടിന്റെ ഉറവിടത്തിലും കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്നാണ് ജിഎസ്ടി സംഘത്തിന്റെ വിലയിരുത്തൽ.

ഭീമമായ തുകയ്ക്ക് വായ്പാ രേഖകളോ ആവശ്യമായ നികുതി രേഖകളോ ഇല്ലാത്തതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. സ്പോൺസറുടെ ബാങ്ക് അക്കൗണ്ട് ഇടനില അക്കൗണ്ടായി ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും ജിഎസ്ടി വകുപ്പ് ഉന്നയിച്ചിട്ടുണ്ട്.

പണമിടപാടുകളിൽ വിദേശനാണയ വിനിമയ ചട്ടങ്ങളായ ഫെമ ഉൾപ്പെടെയുള്ള നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് ജിഎസ്ടി അന്വേഷണ സംഘം ആവശ്യപ്പെട്ടു. സംഭവത്തിന്റെ സാമ്പത്തികവും നിയമപരവുമായ വ്യാപ്തി കണക്കിലെടുത്ത് കേന്ദ്ര ഏജൻസിയുടെ വിശദമായ അന്വേഷണം വേണമെന്ന ശുപാർശയും അന്വേഷണ റിപ്പോർട്ടിലുണ്ട്.

സ്പോൺസറുടെ അക്കൗണ്ട് വിവരങ്ങളും അനുബന്ധ രേഖകളും ശേഖരിച്ച ശേഷമാണ് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. 206 കോടിയിലേറെ രൂപയുടെ ഉറവിടം, കൈമാറ്റം, ഉപയോഗം എന്നിവ സംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യമായിരിക്കുകയാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img