
ദോഹ: കതാറ ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഫാൽക്കണറി എക്സിബിഷന്റെ (സുഹൈൽ 2026) മൂന്നാം ദിനത്തിൽ വൻ ജനപങ്കാളിത്തം. പരുന്തുകൾ, വിവിധയിനം പക്ഷികൾ, വേട്ടയാടൽ ഉപകരണങ്ങൾ, മരുഭൂമി യാത്രകൾക്കും ക്യാമ്പിംഗിനുമുള്ള സാധനങ്ങൾ എന്നിവ പ്രദർശിപ്പിച്ച പവലിയനുകളിലാണ് സന്ദർശകരുടെ കനത്ത തിരക്ക് അനുഭവപ്പെടുന്നത്.
പരമ്പരാഗത പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യകളും പുത്തൻ ഉൽപ്പന്നങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്താൻ മേളയ്ക്ക സാധിക്കുന്നുണ്ടെന്ന് പ്രദർശന ഡയറക്ടർ അബ്ദുൽ അസീസ് അൽ ബുഹൈഷാം അൽ സയിദ് പറഞ്ഞു. വെറുമൊരു ഉൽപ്പന്ന പ്രദർശനം എന്നതിനപ്പുറം ബിസിനസ് ഇടപാടുകൾക്കും പ്രാദേശിക-അന്തർദേശീയ കമ്പനികൾ തമ്മിലുള്ള പങ്കാളിത്തത്തിനും സഹായകരമാകുന്ന സാമ്പത്തിക വാണിജ്യ പ്ലാറ്റ്‌ഫോമായി മേള മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഖത്തറി ഉൽപ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കാനും കതാറയിലെ 'സുഹൈൽ 2026' പക്ഷിച്ചന്തയ്ക്ക് സാധിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.










