09:15am 13 November 2026
NEWS
ഉമ്മു സലാലിൽ തിരക്കേറി; മീൻപിടുത്തം പുനരാരംഭിച്ചതോടെ വിപണിയിൽ വൻ ഉണർവ്
02/04/2026  09:28 PM IST
nila
ഉമ്മു സലാലിൽ തിരക്കേറി; മീൻപിടുത്തം പുനരാരംഭിച്ചതോടെ വിപണിയിൽ വൻ ഉണർവ്

ദോഹ: ഖത്തറിൽ കടൽയാത്രകൾക്കും മീൻപിടുത്തത്തിനും ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ നീക്കിയതോടെ ഉമ്മു സലാൽ സെൻട്രൽ മാർക്കറ്റിൽ വൻ തിരക്ക്. ഇന്ന് പുലർച്ചെ നടന്ന ലേലത്തിൽ 32 ടണ്ണിലധികം മത്സ്യങ്ങളും കടൽവിഭവങ്ങളുമാണ് വിൽപനയ്‌ക്കെത്തിയത്. വൻകിട വ്യാപാരികളും ഹോട്ടൽ പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ലേലത്തിൽ പങ്കെടുത്തത്.ഖത്തർ തീരങ്ങളിൽ നിന്ന് പിടിച്ച 29 ടണ്ണിലധികം മത്സ്യങ്ങളും 2,444 കിലോ ചെമ്മീൻ ഉൾപ്പെടെയുള്ള വിഭവങ്ങളും ലേലത്തിനെത്തി.അയൽരാജ്യങ്ങളിൽ നിന്നും മറ്റുമായി അയ്യായിരം കിലോയോളം മത്സ്യവും 1,300 കിലോ കടൽവിഭവങ്ങളും വിപണിയിലെത്തിയിരുന്നു.മൊത്തം 19 വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പുലർച്ചെ മുതൽ തന്നെ വിപണിയിൽ കർശന പരിശോധനകൾ നടന്നു. ലേലത്തിന് മുൻപായി ഓരോ മത്സ്യത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ലേലഹാളിലേക്ക് പ്രവേശിപ്പിച്ചത്.മത്സ്യത്തിന്റെ കണ്ണുകളിലെ തിളക്കം, മാംസത്തിന്റെ ഉറപ്പ്, ചെകിളപ്പൂക്കളുടെ നിറം എന്നിവ പരിശോധിച്ചാണ് ഫ്രഷ് ആണോ എന്ന് ഉറപ്പിക്കുന്നത്.മീൻ എത്തിക്കുന്ന വാഹനങ്ങളിൽ കൃത്യമായ അളവിൽ ഐസ് ഉണ്ടെന്നും ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി. ഗുണനിലവാരമില്ലാത്ത ഐസ് കട്ടകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.പുലർച്ചെ നിസ്കാരത്തിന് ശേഷമാണ് ലേല നടപടികൾ ആരംഭിച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയിൽ നിന്നാണ് ലേലം തുടങ്ങുന്നത്. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കൊമേഴ്‌സ്യൽ ഷോപ്പുകൾ, ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർ എന്നിവർ ലേലത്തിൽ സജീവമായി പങ്കെടുത്തു.
​കഴിഞ്ഞ ദിവസങ്ങളിലെ പ്രതികൂല സാഹചര്യം മാറി മീൻപിടുത്തം സാധാരണ നിലയിലായതോടെ വരും ദിവസങ്ങളിൽ വിപണിയിൽ മത്സ്യലഭ്യത ഇനിയും വർദ്ധിക്കുമെന്നും വിലയിൽ കുറവുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img