
ന്യൂഡൽഹി: നമ്മൾ കടയിൽ നിന്ന് വാങ്ങി കുട്ടികൾക്ക് സ്നേഹത്തോടെ വച്ചുനീട്ടുന്ന ആ കണ്ണഞ്ചിപ്പിക്കുന്ന ചിപ്സ് പാക്കറ്റുകളിലും ബിസ്കറ്റുകളിലും ഉള്ളത് വിഷത്തിന് തുല്യമായ അളവിലുള്ള പഞ്ചസാരയും ഉപ്പും കൊഴുപ്പുമാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടുമോ? ഞെട്ടും! എന്നാൽ അതിലും വലിയ ഞെട്ടൽ, ഈ സത്യം നിങ്ങളിൽ നിന്ന് മറച്ചുവെക്കാൻ വൻകിട കമ്പനികൾക്ക് കേന്ദ്ര സർക്കാരും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും (FSSAI) കുടപിടിക്കുകയായിരുന്നു എന്ന തിരിച്ചറിവാണ്!
പക്ഷേ, ജനങ്ങളുടെ ജീവൻ വെച്ച് പന്താടാൻ ഇനി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്.
പൂച്ചക്കണ്ണുള്ള' കച്ചവടവും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പും
പാക്കറ്റിന്റെ പിന്നിൽ, സാധാരണക്കാർക്ക് വായിക്കാൻ പോലും കഴിയാത്തത്ര ചെറിയ അക്ഷരങ്ങളിൽ ചേരുവകൾ അച്ചടിച്ച് ഉപഭോക്താക്കളുടെ കണ്ണിൽ പൊടിയിടുന്ന കച്ചവട തന്ത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന 'ഫ്രണ്ട് ഓഫ് പാക്ക് വാണിംഗ് ലേബൽ' (Front of Pack Warning Label) പാക്കറ്റിന്റെ മുൻവശത്ത് വലുതായി പതിപ്പിക്കണമെന്ന് കോടതി പലവട്ടം ആവശ്യപ്പെട്ടതാണ്.
എന്നാൽ, നിർദ്ദേശം നടപ്പാക്കാതെ കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരും FSSAI-യും വിമുഖത കാണിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ ക്ഷമ നശിച്ചത്.
"ജനങ്ങളും നമ്മുടെ കുട്ടികളും ആരോഗ്യത്തോടെയിരിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ? കോടതിയെ കബളിപ്പിക്കുകയാണോ അതോ വൻകിട കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണോ?"
— ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ച് കേന്ദ്ര സർക്കാരിനോട് നേരിട്ട് ചോദിച്ച വാക്കുകളാണിത്.
രണ്ടാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുത്തില്ലെങ്കിൽ കോടതി നേരിട്ട് വിധി പ്രഖ്യാപിക്കും എന്ന 'അന്ത്യശാസനവും' സുപ്രീം കോടതി നൽകിക്കഴിഞ്ഞു.
മുൻവശത്ത് തന്നെ വേണം, ഈ ചുവരെഴുത്തുകൾ!
ചെറിയ പ്രായത്തിൽ തന്നെ നമ്മുടെ മക്കളെ തേടിയെത്തുന്ന അമിതവണ്ണം, രക്തസമ്മർദ്ദം, ചെറുപ്പത്തിലേയുള്ള പ്രമേഹം തുടങ്ങിയ വില്ലന്മാർക്ക് കാരണം ഈ വർണ്ണപ്പൊതികളിലെ അമിത ചേരുവകളാണ്. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ പാക്കറ്റിന്റെ മുൻവശത്ത് തന്നെ വ്യക്തമായി കുറിക്കപ്പെടും:
High in Sugar (അമിതമായ പഞ്ചസാര)
High in Sodium (അമിതമായ ഉപ്പ്)
High in Saturated Fats (അമിതമായ കൊഴുപ്പ്)
ഇനി എന്താണ് തങ്ങളുടെ മക്കൾ കഴിക്കുന്നതെന്ന് ഓരോ രക്ഷിതാവിനും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം.
ഓൺലൈൻ ടാക്സികളുടെ 'അടിയന്തര ടിപ്പ് പിഴിഞ്ഞെടുക്കലിനും' പൂട്ട്!
ഭക്ഷണത്തിലെ തട്ടിപ്പിന് മാത്രമല്ല, യാത്രക്കാരുടെ പോക്കറ്റടിക്കുന്ന ഓൺലൈൻ ടാക്സി ആപ്പുകൾക്കും വീണിട്ടുണ്ട് അടുത്ത പ്രഹരം!
ഊബർ, ഓല തുടങ്ങിയ ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ 'വേഗത്തിൽ വണ്ടി കിട്ടാൻ മുൻകൂറായി ടിപ്പ് നൽകൂ' എന്ന് നിർബന്ധിക്കുന്ന പ്രീ-റൈഡ് ടിപ്പിംഗ് രീതി അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവിട്ടു. 2025-ലെ മോട്ടോർ വെഹിക്കിൾസ് അഗ്രിഗേറ്റർ നിയമങ്ങൾക്ക് വിരുദ്ധമായ ഈ ചൂഷണം തടഞ്ഞതോടെ, യാത്ര പൂർത്തിയാക്കിയ ശേഷം മാത്രം സ്വന്തം ഇഷ്ടപ്രകാരം ടിപ്പ് നൽകാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കുകയാണ്.











