
ലിസ്ബൺ: നീണ്ടുനിന്ന പ്രണയബന്ധത്തിന് ഒടുവിൽ പോർച്ചുഗൽ ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കിയസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും ഇരുവരുടെയും മക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
10 വർഷത്തോളം ഒരുമിച്ച് കഴിഞ്ഞ ശേഷമാണ് 41കാരനായ റൊണാൾഡോയും 32കാരിയായ ജോർജിനയും ഔദ്യോഗികമായി വിവാഹിതരായത്. വിവാഹമോതിരം ധരിച്ച കൈകൾ ചേർത്തുപിടിച്ചുള്ള ചിത്രം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രം പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ തന്നെ മൂന്ന് ദശലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. 2025 ഓഗസ്റ്റ് 11നാണ് ജോർജിന വിവാഹനിശ്ചയ വിവരം ആരാധകരുമായി പങ്കുവെച്ചത്. വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തായിരുന്നു പ്രഖ്യാപനം. കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
2016ൽ മാഡ്രിഡിലെ ഗുച്ചി സ്റ്റോറിൽ വച്ചാണ് റൊണാൾഡോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് റയൽ മാഡ്രിഡ് താരമായിരുന്ന റൊണാൾഡോയുമായുള്ള പരിചയം പിന്നീട് പ്രണയമായി വളർന്നു. റൊണാൾഡോയുടെ കരിയറിലെ നിർണായക ഘട്ടത്തിനിടെയാണ് വിവാഹവും നടന്നത്. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള താരം നിലവിൽ സൗദി ക്ലബ് അൽ നസറിനായാണ് ബൂട്ടണിയുന്നത്. പോർച്ചുഗൽ ദേശീയ ടീമിനായും ആയിരത്തിനടുത്ത് ഗോളുകൾ നേടിയ റൊണാൾഡോ, പുതിയ സൗദി പ്രോ ലീഗ് സീസണിന് മുന്നോടിയായാണ് വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കിയത്. വിവാഹവാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള റൊണാൾഡോ ആരാധകരും കായികതാരങ്ങളും ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തി.










