07:40pm 24 June 2026
NEWS
മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിൽ അസ്വസ്ഥനായി റൊണാൾഡോ; വാർത്താസമ്മേളനത്തിലെ പ്രതികരണം വൈറൽ
24/06/2026  03:46 PM IST
nila
മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിൽ അസ്വസ്ഥനായി റൊണാൾഡോ; വാർത്താസമ്മേളനത്തിലെ പ്രതികരണം വൈറൽ

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെതിരെ തകർപ്പൻ ജയത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തോട് പ്രതികരിക്കാൻ വിസമ്മതിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയെ സംബന്ധിച്ച ചോദ്യമാണ് റൊണാൾഡോയെ അസ്വസ്ഥനാക്കിയത്. ലയണൽ മെസ്സി ഇന്നലെ രണ്ട് ​ഗോളുകൾ നേടിയെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ ചോദ്യം ആരംഭിച്ചതോടെ റൊണാൾഡോ, ആ മാധ്യമപ്രവർത്തകനിൽ നിന്നും മുഖം തിരിക്കുകയും മറ്റൊരു മാധ്യമപ്രവർത്തകനോട് ചോദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. 

ലോകകപ്പിന്റെ ഏതെങ്കിലും ഘട്ടത്തിൽ അർജന്റീനയെ നേരിടേണ്ടി വന്നാൽ എന്തായിരിക്കും പ്രതികരണമെന്ന് ചോദിച്ചപ്പോൾ, അതിന് ഇപ്പോൾ മറുപടി പറയാനാകില്ലെന്നും അത്തരം ചോദ്യങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്നും റൊണാൾഡോ വ്യക്തമാക്കി. തുടർന്ന് അദ്ദേഹം മറ്റൊരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗോൾ നേടാൻ സാധിക്കാതിരുന്ന റൊണാൾഡോ, ഉസ്ബക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ ഇരട്ടഗോളുമായി ശക്തമായ തിരിച്ചുവരവ് നടത്തി. ആറാം മിനിറ്റിലും 39-ാം മിനിറ്റിലും നേടിയ ഗോളുകളുടെ മികവിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വിജയം സ്വന്തമാക്കി.

അതേസമയം, ലോകകപ്പിൽ മെസ്സിയും മികച്ച ഫോമിലാണ്. രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ നേടിയ അർജന്റീനൻ നായകൻ ടൂർണമെന്റിലെ ശ്രദ്ധാകേന്ദ്രമായി തുടരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. 18 ലോകകപ്പ് ഗോളുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. കൂടാതെ, ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും മെസ്സിക്കാണ്. 28 മത്സരങ്ങളിലാണ് അദ്ദേഹം അർജന്റീനയ്ക്കായി കളത്തിലിറങ്ങിയിട്ടുള്ളത്.

റൊണാൾഡോയും മെസ്സിയും ഒരേസമയം മികച്ച പ്രകടനം പുറത്തെടുക്കുന്നതോടെ, ഫുട്ബോൾ ലോകം ഏറെക്കാലമായി ചർച്ച ചെയ്യുന്ന ‘ആരാണ് മികച്ച താരം?’ എന്ന വാദപ്രതിവാദം ലോകകപ്പ് വേദിയിലും വീണ്ടും ശക്തമാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img