12:53pm 06 May 2026
NEWS
പ്രതിസന്ധിയൊഴിഞ്ഞു, ഉപതെരഞ്ഞെടുപ്പുകളിൽ വിജയം; സിദ്ധരാമയ്യ ഗവണ്മെന്റിന് ആശ്വാസം
06/05/2026  11:31 AM IST
വിഷ്ണുമംഗലം കുമാർ
പ്രതിസന്ധിയൊഴിഞ്ഞു, ഉപതെരഞ്ഞെടുപ്പുകളിൽ വിജയം;സിദ്ധരാമയ്യ ഗവണ്മെന്റിന് ആശ്വാസം

 ബാഗൽകോട്, ദാവൺ ഗെരെ സൗത്ത് എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് കർണാടകത്തിൽ ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളും മുൻമന്ത്രിമാരുമായ എച്ച് വൈ മെറ്റി, ശാമന്നൂർ ശിവശങ്കരപ്പ എന്നിവരുടെ മരണംമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥികൾ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്ന
പതിവാണ് കർണാടകത്തിലുള്ളത്. ആ വിധത്തിൽ നോക്കിയാൽ രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ്സ് പ്രയാസം കൂടാതെ ജയിക്കേണ്ടതാണ്. രണ്ടും കോൺഗ്രസ്സിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണുതാനും. ബാഗൽകോട്ടിൽ എച്ച്. വൈ മെറ്റിയുടെ മകൻ ഉമേഷ്‌ മെറ്റിയെയും ദാവൺഗെരെ സൗത്തിൽ ശിവശങ്കരപ്പയുടെ കൊച്ചുമകൻ സമർത്ഥ ശാമന്നൂരിനെയുമാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികളാക്കിയത്. മരണമടഞ്ഞ നേതാവിന്റെ ബന്ധുവിനെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതാണ് കോൺഗ്രസ്സിന്റെ പതിവ്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. എന്നാൽ രണ്ടു മണ്ഡലങ്ങളിലും ഉയർന്നുവന്ന വ്യത്യസ്തമായ രാഷ്ട്രീയപ്രശ്നങ്ങൾ കോൺഗ്രസ്സ് നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. വ്യത്യസ്ത കാരണങ്ങളാൽ രണ്ടു മണ്ഡലങ്ങളും കൈവിട്ടുപോകുമോ എന്ന ഭീതി കോൺഗ്രസ് നേതൃത്വത്തെ പിടികൂടിയിരുന്നു . വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ആ ഭീതി വർധിക്കുകയും ചില അനാരോഗ്യ പ്രശ്നങ്ങളിലേക്ക് പാർട്ടിയെ തള്ളിവിടുകയും ചെയ്തിരുന്നു .രണ്ടു മണ്ഡലങ്ങളിലെയും പ്രശ്നങ്ങൾ വിശദമായി പരിശോധിക്കാം. (SH)(ബാഗൽകോട്ട്) വടക്കൻ കർണാടകത്തിൽ ബെളഗാവി യ്ക്കും വിജയപുരയ്ക്കും ഇടയിൽ കിടക്കുന്ന ജില്ലയാണ് ബാഗൽകോട്. 1997 ൽ വിജയപുര( അക്കാലത്ത്‌ ബിജാപ്പൂർ) ജില്ല വിഭജിച്ചാണ് ബാഗൽകോട് ജില്ല രൂപീകരിച്ചത്. ബാഗൽകോട് ലോകസഭാമണ്ഡലവും നിയമസഭാമണ്ഡലവും അതിന് മുമ്പുതന്നെയുണ്ട്. കോൺഗ്രസ്സിന്റെ കോട്ടയായിരുന്നു ബാഗൽകോട്. രാമകൃഷ്ണ ഹെഗ്‌ഡെ മുഖ്യമന്ത്രിയായതിനെ തുടർന്നാണ് (1983-88) ജനതാദളിനും പിന്നീട് ബിജെപിയ്ക്കും ബാഗൽകോട്ടിൽ വേരോട്ടമുണ്ടായത്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയ ഹെഗ്‌ഡെ 1991 ൽ ബാഗൽകോട്ടയിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ രാജീവ്‌ ഗാന്ധിയുടെ മരണത്തെ തുടർന്ന് സഹതാപതരംഗമുണ്ടായതിനാൽ വിജയിക്കാൻ സാധിച്ചിരുന്നില്ല. ഹെഗ്‌ഡെയുടെ കാലശേഷം ബിജെപിയാണ് ഈ മേഖലയിൽ സ്വാധീനം വർധിപ്പിച്ചത്. കോൺഗ്രസ്സിന്റെ സിറ്റിംഗ് മണ്ഡലമാണെങ്കിലും ബിജെപിയ്ക്കും ബാഗൽകോട് നിയമസഭാമണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുണ്ട്. 2004,2008,2018 വർഷങ്ങളിൽ ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുള്ള മുതിർന്ന നേതാവ് വീരണ്ണ ചരന്ദിമതിനെയാണ് ബിജെപി ഇത്തവണയും മത്സരിപ്പിക്കുന്നത്. ബാഗൽകോട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. 2023 ൽ എച്ച് വൈ മെറ്റിയോട് 5878 വോട്ടുകൾക്ക് തോൽവിയടഞ്ഞെങ്കിലും 2018 ൽ അതേ മെറ്റിയെ 15934 വോട്ടുകൾക്ക് തോൽപ്പിച്ച നേതാവാണ് ചരന്ദിമത്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യഡിയൂരപ്പ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇത്തവണ പ്രചാരണത്തിനെത്തുകയും ബിജെപി മുൻകൈ നേടുകയും ചെയ്തു. പല സർവ്വേകളും ബാഗൽകോട്ടിൽ ബിജെപി ജയിച്ചേക്കുമെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പാർട്ടി ഹൈക്കമാണ്ടിന്റെയും ഉറക്കം കെടുത്തിയിരുന്നു.  തുടർന്ന് പ്രചാരണം സിദ്ധരാമയ്യ ശക്തമാക്കിയിരുന്നു. ആസ്സാമിന്റെ ചുമതല ഉണ്ടായിരുന്നതിനാൽ ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറിന് ഉപതെരഞ്ഞെടുപ്പിൽ വേണ്ടത്ര ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല. (para)വിശ്വസ്തനായ സുഹൃത്തും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജാർക്കിഹോളിയ്ക്കാണ് സിദ്ധരാമയ്യ പ്രചാരണത്തിന്റെ ചുമതല നൽകിയത്. ബെളഗാവി രാഷ്ട്രീയത്തിലെ അതികായനാണ് അഹിന്ദ കൂട്ടായ്മയുടെ പ്രമുഖ നേതാവുകൂടിയായ ജാർക്കിഹോളി. ഇരുപത് മന്ത്രിമാരെയും നാൽപതോളം എംഎൽഎമാരെയും ഇറക്കിയാണ് സിദ്ധരാമയ്യയും ജാർക്കിഹോളിയും ബാഗൽകോട്ടിൽ പ്രചാരണം പൊടിപൊടിച്ചത്. ബിജെപിയും വിട്ടുകൊടുത്തില്ല. അവരും പ്രചാരണം കടുപ്പിച്ചിരുന്നു. ലിങ്കായത്തുകാരനായ സ്ഥാനാർത്ഥി വീരണ്ണ ചരന്ദിമത് മണ്ഡലത്തിൽ ആഴത്തിൽ വേരോട്ടമുള്ള നേതാവാണ്. 68.70 ശതമാനമായിരുന്നു പോളിംഗ്. ബാഗൽകോട് കോൺഗ്രസിന് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന അഭിപ്രായമാണ് വോട്ടെടുപ്പിന് ശേഷം ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ പങ്കുവെച്ചത്.  (SH)(ദാവൺഗെരെ സൗത്ത് ) മദ്ധ്യ കർണാടകത്തിലെ പ്രധാന ജില്ലകളിലൊന്നാണ് ദാവൺഗെരെ. ഈ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലമാണ് ദാവൺഗെരെ സൗത്ത്. കോൺഗ്രസ്സിന്റെ ശക്തിദുർഗ്ഗമാണെങ്കിലും ഇത്തവണ ദാവൺഗെരെ സൗത്തിൽ കോൺഗ്രസ്സ് നേതൃത്വം നേരിട്ടത് തികച്ചും വ്യത്യസ്തമായ ഒരു പ്രശ്നമാണ്. മണ്ഡലത്തിൽ എൺപതിനായിരത്തോളം മുസ്ലിം വോട്ടർമാരുണ്ട്. ജനകീയനായ ശിവശങ്കരപ്പയെ മുസ്ലിങ്ങളും അംഗീകരിച്ചിരുന്നു. 2023 ൽ അദ്ദേഹം നേടിയത് 27,888 വോട്ടിന്റെ ഭൂരിപക്ഷമാണ്. ദാവൺഗെരെ നോർത്തിലെ എംഎൽഎയായ ശിവശങ്കരപ്പയുടെ മകൻ എസ്‌ എസ്‌ മല്ലികാർജുൻ മൈൻസ് ആൻഡ്‌ ജിയോളജി വകുപ്പ് മന്ത്രിയാണ്. അദ്ദേഹത്തിന്റെ പത്നി പ്രഭ മല്ലികാർജുൻ ദാവൺഗെരെ  ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ശിവശങ്കരപ്പ മരണമടഞ്ഞ സാഹചര്യത്തിൽ ദാവൺഗെരെ സൗത്ത് മണ്ഡലത്തിൽ ഒരു മുസ്ലിമിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഭവനമന്ത്രി സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെടുകയും അതിനായി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. സംസ്ഥാന ന്യുനപക്ഷവിഭാഗം ചെയർമാൻ അബ്ദുൾ ജബ്ബാർ ദാവൺഗെരെ സ്വദേശിയാണ്. അദ്ദേഹത്തെ സ്ഥാനാർഥിയാക്കണമെന്നാണ് കോൺഗ്രസ്സിലെ മുസ്ലിം നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ആ ആവശ്യം അംഗീകരിച്ചില്ല. ഹൈക്കമാണ്ടിന്റെ അനുവാദത്തോടെ ശിവശങ്കരപ്പയുടെ കൊച്ചുമകൻ സമർത്ഥ ശാമന്നൂരിനെയാണ് സിദ്ധരാമയ്യ ദാവൺഗെരെ സൗത്ത് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്. അതിൽ കടുത്ത പ്രതിഷേധമാണ് മുസ്ലിങ്ങൾ രേഖപ്പെടുത്തിയത്. മന്ത്രി സമീർ അഹമ്മദ് ഖാൻ, ന്യുനപക്ഷവിഭാഗം ചെയർമാൻ അബ്ദുൾ ജബ്ബാർ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രചാരണം നടത്തിയില്ല. മണ്ഡലത്തിൽ 68.55 ശതമാനമാണ് പോളിംഗ്. മുസ്ലിങ്ങളിൽ പലരും എസ്‌ ഡി പി ഐ യ്ക്കും സ്വതന്ത്രരായി മത്സരിച്ച മുസ്ലിം സ്ഥാനാർഥികൾക്കുമാണ് വോട്ട് ചെയ്തത് എന്നാണ് കോൺഗ്രസ് നേതൃത്വം മണ്ഡലത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. മുസ്ലിങ്ങളുടെ നിസ്സഹകരണം മണ്ഡലത്തിൽ കോൺഗ്രസ്സ് തോൽക്കാൻ കാരണമാകുമോ എന്ന് നേതൃത്വം ഭയപ്പെട്ടിരുന്നു..പട്ടികവർഗ്ഗക്കാരനായ ശ്രീനിവാസ് ദശ കാരിയപ്പയെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്. യഡിയൂരപ്പ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രചാരണത്തിനെത്തിയിരുന്നു. ഗവണ്മെന്റ് ചീഫ് വിപ്പ് സലിം അഹമ്മദ്, ശിവാജിനഗർ എംഎൽഎ റിസ്വാൻ അർഷാദ് എന്നിവർ ബംഗളുരുവിലെ കോൺഗ്രസ്സ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ദാവൺഗെരെ പ്രശ്നത്തിന് പിന്നിൽ ചില മുസ്ലിം നേതാക്കളാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അബ്ദുൾ ജബ്ബാറിനെ കോൺഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നേതൃത്വം പുറത്താക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദിന് ആ പദവി നഷ്ടമായി. ദാവൺഗെരെ സൗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള നേതൃത്വത്തിന്റെ നിർദ്ദേശം ഇരുവരും ചെവിക്കൊണ്ടിരുന്നില്ലത്രെ. രണ്ടു നേതാക്കളും സിദ്ധരാമയ്യയുമായി വ്യക്തിപരമായി അടുപ്പം പുലർത്തുന്നവരാണ്. ഹൈക്കമാണ്ടിന്റെ നിർദ്ദേശപ്രകാരമാണ് ഡി കെ ശിവകുമാർ അവർക്കെതിരെ നടപടി എടുത്തതെന്ന് കരുതപ്പെടുന്നു. സിദ്ധരാമയ്യ ഈ പ്രശ്നത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മന്ത്രി സമീർ അഹമ്മദ്‌ ഖാനും സിദ്ധരാമയ്യയുമായി അടുപ്പമുള്ള നേതാവാണ്. ജെഡിഎസ്സിൽ നിന്നാണ് അദ്ദേഹം കോൺഗ്രസ്സിലെത്തിയത്. അദ്ദേഹം സിദ്ധരാമയ്യയെ സന്ദർശിച്ച് വിശദീകരണം നൽകിയിരുന്നു. താരപ്രചാരകനായി കേരളത്തിലെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടിവന്നതിനാലാണ് ദാവൺഗെരെ സൗത്തിൽ ശ്രദ്ധ ചെലുത്താൻ കഴിയാതെ വന്നതെന്നാണ് അദ്ദേഹം സിദ്ധരാമയ്യയെ അറിയിച്ചത്.മെയ് രണ്ടാംവാരത്തിൽ കർണാടകത്തിൽ മന്ത്രിസഭാ പുനഃസംഘടന നടക്കാനിടയുണ്ട്. സാഹചര്യം തികച്ചും പ്രതികൂലമായിട്ടും ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളും നിലനിർത്താനായത് സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും സംഘടനാപരമായ കഴിവായി വ്യാഖ്യാനിക്കപ്പെടും. ബിജെപി ഭീഷണി ഉയർത്തിയ ബാഗൽകോട്ടിൽ 22332   വോട്ടിന്റെ ഭൂരിപക്ഷത്തിനും മുസ്ലിം നേതാക്കൾ ഇടഞ്ഞുനിന്ന ദാവൺഗെരെ സൗത്തിൽ 5708 വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ജയിച്ചുകയറിയത്.2023ൽ ശിവശങ്കരപ്പയ്ക്ക് ദാവൺഗെരെ സൗത്തിൽ ലഭിച്ചിരുന്ന 27888 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ 5708 ആയി കുറഞ്ഞത്.അതേ സമയം എസ്‌ഡിപിഐ സ്ഥാനാർത്ഥി അഫ്സൽ കൊടലിപേട്ട 18975 വോട്ടുകൾ പിടിക്കാനിടയായത് കോൺഗ്രസ്സ് നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്. എന്നിരുന്നാലും രണ്ടു മണ്ഡലങ്ങളും നിലനിർത്താനായതിനാൽ പ്രതിസന്ധി തൽക്കാലം ഒഴിവായി എന്നുപറയാം. ആസ്സാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ശിവകുമാറിനായിരുന്നു. എന്നാൽ അവിടെ കോൺഗ്രസ്സിന് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ ശിവകുമാറിന് കഴിഞ്ഞില്ല. ഏതായാലും അഹിന്ദ ഭീഷണി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ കർണാടകത്തിൽ തത്കാലം നേതൃമാറ്റമുണ്ടാകാനിടയില്ല. മന്ത്രിസഭാ പുനഃസംഘടന നടന്നേക്കും. അതിൽ സിദ്ധരാമയ്യയെയും ശിവകുമാറിനെയും പിന്തുണക്കുന്നവർക്ക് ഒരുപോലെ അംഗീകാരം ലഭിച്ചേക്കും. ശിവകുമാറിന്റെ മുഖ്യമന്ത്രിസ്വപ്നം വീണ്ടും നീണ്ടുപോകുന്നതിന്റെ സൂചനയാണ് കാണുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img