
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയ്ക്കെതിരെ അപകീർത്തികരമായ രീതിയിൽ സോഷ്യൽ മീഡിയ പ്രചരണം നടത്തിയ സംഭവത്തിൽ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ഹൈക്കോടതി ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിനയ് മിശ്ര, ദുർഗേഷ് പഥക്, സൗരഭ് ഭരദ്വാജ് എന്നിവർക്കെതിരെയാണ് കോടതി സ്വമേധയാ നടപടിയെടുത്തത്.
ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന് എഎപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി തള്ളിയതിന് പിന്നാലെ ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്റുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതാണ് നടപടിക്ക് ആധാരം.
വിധിന്യായങ്ങളെ വിമർശിക്കാൻ ജനാധിപത്യത്തിൽ അവകാശമുണ്ടെങ്കിലും, ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ ഒരു വിദ്വേഷ പ്രചരണമാണ് നടന്നതെന്ന് ജസ്റ്റിസ് ശർമ്മ നിരീക്ഷിച്ചു.
ഞാൻ ഭയപ്പെടാൻ തയ്യാറല്ല," എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ, കോടതി ഭരണഘടനയോട് മാത്രമാണ് കടപ്പെട്ടിരിക്കുന്നതെന്നും രാഷ്ട്രീയ വ്യക്തിത്വങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നും കൂട്ടിച്ചേർത്തു.
വിവാദമായ പ്രചരണങ്ങൾ
ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ ഒരു കോളേജിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതായും കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാർ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്നില്ലെങ്കിൽ അവരെ അപകീർത്തിപ്പെടുത്താമെന്ന സന്ദേശമാണ് ഇത്തരം പ്രചരണങ്ങളിലൂടെ നൽകാൻ ശ്രമിക്കുന്നതെന്ന് കോടതി വിലയിരുത്തി.
മദ്യനയ അഴിമതിക്കേസിൽ സിബിഐ നൽകിയ ഹർജികളിൽ വാദം കേൾക്കുന്നതിൽ നിന്നും എഎപി നേതാക്കൾ നേരത്തെ വിട്ടുനിന്നിരുന്നു. ഇവർക്കായി കോടതി തന്നെ മൂന്ന് മുതിർന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ക്രിമിനൽ കോടതി അലക്ഷ്യ ഹർജിയിൽ കൂടുതൽ നടപടികളുണ്ടാകും.











