
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് പരാതിയിൽ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതിയാണ് അന്വേഷണത്തിന് ആധാരമായത്. നിലവിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ വ്യക്തികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. "പിഎസ്‌സി ഉദ്യോഗസ്ഥർ" എന്ന പൊതുവായ പരാമർശമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരുടെ പേരും മറ്റ് വിശദാംശങ്ങളും ഉൾപ്പെടുത്തി എസ്‌ഐടി ഉടൻ കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ പിഎസ്‌സി ആസ്ഥാനത്ത് എത്തിയ അന്വേഷണസംഘം പരീക്ഷാ രേഖകൾ പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അടിസ്ഥാന ശമ്പളം ഒന്നേകാൽ ലക്ഷം രൂപയുള്ള തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ 10 ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിർണയം ചെയ്യപ്പെട്ടില്ല എന്നതാണ് ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിച്ചത്.
ഉദ്യോഗാർഥിയായ കെ. ശ്യാം കൃഷ്ണൻ നൽകിയ പരാതിയോടെയാണ് വിഷയം വിവാദമായത്. മൂല്യനിർണയവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നെങ്കിലും പിഎസ്‌സി അത് നടപ്പാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും എസ്‌ഐടിയെ ചുമതലപ്പെടുത്തുകയും ചെയ്തത്.











