
പാതിവില തട്ടിപ്പുകേസ് പ്രതി അനന്തു കൃഷ്ണന് 21 അക്കൗണ്ടുകളെന്ന് ക്രൈംബ്രാഞ്ച്. വിവിധ ബാങ്കികളിലായാണ് ഇത്രയേറെ അക്കൗണ്ടുകളുള്ളത്. 11 അക്കൗണ്ടുകൾ വഴി മാത്രം വഴി 548 കോടി രൂപ അനന്തു കൃഷ്ണന് ലഭിച്ചു. സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന അനന്തുവിന്റെ സ്ഥാപനത്തിന്റെ പേരിലുള്ളതാണ് ഈ അക്കൗണ്ടുകൾ. പ്രാഥമിക അന്വേഷണത്തിൽ തങ്ങൾക്ക് ലഭിച്ച വിവരങ്ങളാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്.
കസ്റ്റഡി അപേക്ഷയിലെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി 20,163 പേരിൽ നിന്നായി 60,000 രൂപവീതവും അനന്തുവിന്റെ അക്കൗണ്ടിലേക്കെത്തി. 4035 പേരിൽ നിന്ന് 56,000 രൂപ വീതവും സ്കൂട്ടർ വിതരണത്തിന്റെ പേരിൽ അനന്തുവിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. 143.5 കോടി രൂപയാണ് ഈ ഇനത്തിലെത്തിയത്.
548 കോടി രൂപയുടെ ഉറവിടം സംബന്ധിച്ചും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ട്. ഈ തുകയെല്ലാം എന്തിനാണ് വിനിയോഗിച്ചതെന്നതിലും വ്യക്തതയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി അഞ്ചുദിവസത്തേക്കാണ് അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടത്. എന്നാൽ രണ്ടു ദിവസത്തേക്കാണ് പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടത്.
ഇതുവരെയുള്ള അന്വേഷണത്തിൽ നാലേകാൽ കോടി രൂപ മാത്രമാണ് അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ നിന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചത്. കുറച്ച് ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പുകളും വിതരണം ചെയ്തിരുന്നു. കൂടാതെ കുറച്ചു ഭൂമിയും വാങ്ങിയിട്ടുണ്ട്. ബാക്കി തുക എങ്ങനെ വിനിയോഗിച്ചു എന്നതിൽ കൃത്യമായ വിവരം ലഭിക്കണമെങ്കിൽ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.











