
തിരുവനന്തപുരം: സ്ത്രീകളോട് അതിക്രമം നടത്തിയെന്ന പരാതിയിൽ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരം റേഞ്ച് ഡിവൈ.എസ്.പി സി. ബിനുകുമാറിനാണ് അന്വേഷണ ചുമതല. മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് എം.എൽ.എക്കെതിരെ ചുമത്തിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്യുക, മാനസികമായി വേദനിപ്പിക്കുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന സന്ദേശങ്ങൾ അയക്കുകയും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.
കേസിന്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിൻ്റെയും സഹായികളുടെയും ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്ത് പരിശോധിക്കും. വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകളിലെ ചാറ്റുകൾ വീണ്ടെടുത്ത് തെളിവെടുപ്പിനായി ഉപയോഗിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ചുമത്തിയ വകുപ്പുകളും ശിക്ഷകളും
ബി.എൻ.എസ് 78(2): ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സ്ത്രീകളെ നിരീക്ഷിച്ചാൽ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ അഞ്ച് വർഷം വരെയാകാം.
ബി.എൻ.എസ് 351: വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ ഭീഷണിപ്പെടുത്തി ഒരാളെക്കൊണ്ട് ഒരു കാര്യം ചെയ്യിക്കുകയോ ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ രണ്ട് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
പോലീസ് ആക്ട് 120(ഒ): കത്ത്, സന്ദേശം, ഇ-മെയിൽ, അല്ലെങ്കിൽ ദൂതൻ വഴി ശല്യമുണ്ടാക്കിയാൽ ഒരു വർഷം വരെ തടവോ 5,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.











