
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിലും നിയമനങ്ങളിലും ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം പി.എസ്.സി ആസ്ഥാനത്തെത്തി. ഐ.ജി എസ്. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവുമായി കൂടിക്കാഴ്ച നടത്തി അന്വേഷണം ഔദ്യോഗികമായി ആരംഭിച്ച വിവരം അറിയിച്ചു.
സർക്കാരുമായി യാതൊരുവിധ ഏറ്റുമുട്ടലിനുമില്ലെന്നും, കമ്മീഷന്റെ വിശ്വാസ്യത നിലനിർത്താൻ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും പി.എസ്.സി ചെയർമാനും കമ്മീഷൻ യോഗവും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണസംഘം ആവശ്യപ്പെടുന്ന മുറയ്ക്ക് നിയമപരമായി നൽകാൻ കഴിയുന്ന എല്ലാ രേഖകളും വിട്ടുനൽകാൻ കമ്മീഷൻ യോഗത്തിൽ ഏകകണ്ഠമായി തീരുമാനിച്ചു.
എസ്.ഐ.ടി വിപുലീകരിച്ചു; പരാതിക്കാരുടെ മൊഴിയെടുത്തു
വിശദമായ അന്വേഷണം ആവശ്യമായതിനാൽ സി.ഐ, എസ്.ഐ റാങ്കിലുള്ള പത്തുപേരെക്കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് പോലീസ് ആസ്ഥാനത്ത് സമർപ്പിക്കാനാണ് നിർദ്ദേശം.
ആസൂത്രണ ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പരാതിക്കാരുടെ മൊഴി സംഘം ഏഴ് മണിക്കൂറോളം സമയമെടുത്ത് രേഖപ്പെടുത്തി. ഈ പരാതികളിന്മേൽ ആവശ്യമായ രേഖകൾ വിട്ടുകിട്ടുന്നതിനായി പി.എസ്.സിക്ക് ഇന്ന് പ്രത്യേകം കത്തുകൾ നൽകും. പി.എസ്.സിയുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ഇപ്പോഴും അന്വേഷണ സംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.










