08:25pm 30 April 2026
NEWS
പതിനൊന്ന് ജീവനുകൾ ഹോമിക്കപ്പെട്ട ക്രിക്കറ്റ് ദുരന്തം: സ്വമേധയാ കേസ്സെടുത്ത് കർണാടക ഹൈക്കോടതി
06/06/2025  10:54 AM IST
വിഷ്ണുമംഗലം കുമാർ
പതിനൊന്ന് ജീവനുകൾ ഹോമിക്കപ്പെട്ട ക്രിക്കറ്റ് ദുരന്തം: സ്വമേധയാ കേസ്സെടുത്ത് കർണാടക ഹൈക്കോടതി

ബംഗളുരു: ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന കർണാടക ജനതയുടെ അഭിമാനകരമായ ആസ്ഥാനമാണ് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. മിനിഞ്ഞാന്നത്തെ മഹാദുരന്തം നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ തന്നെ പിടിച്ചുലയ്ക്കുകയാണ്. ഭരണകൂടത്തിന് നേരെയാണ് പൊതുജനം വിരൽചൂണ്ടുന്നത്. അരനൂറ്റാണ്ട് മുമ്പ് ടെസ്റ്റ്‌ സ്റ്റാറ്റസ് കൈവരിച്ച ഈ സ്റ്റേഡിയത്തിന്റെ ഉടമസ്ഥർ കെ എസ് സി എ ( കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ) ആണ്. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. പ്രഗത്ഭരായ ഒട്ടേറെ കളിക്കാരുടെ പാദ സ്പർശനമേറ്റിട്ടുള്ള കളിക്കളമാണിത്. ക്രിക്കറ്റ് മാച്ചും അതുമായി ബന്ധപ്പെട്ട പരിപാടികളുമല്ലാതെ മറ്റൊന്നും ഇവിടെ നടക്കാറില്ല. മിനിഞ്ഞാന്നത്തെ ദുരന്തം സ്റ്റേഡിയത്തിന് പുറത്ത് കവാടത്തിലാണ് സംഭവിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് സ്റ്റേഡി യപരിസരത്ത് ഇത്തരം ഒരു അനിഷ്ട സംഭവമുണ്ടാകുന്നത് ആദ്യമായാണ്. നിരവധി പരാതികളും പൊതു താല്പര്യഹരജികളും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു. ആക്ടിങ് ചീഫ് ജസ്റ്റിസ് വി.കാമേശ്വർ റാവു, ജസ്റ്റിസ് സി. എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുമ്പോൾ എ ജി (:അഡ്വക്കേറ്റ് ജനറൽ) ശശികിരൺ ഷെട്ടിയും പരാതിക്കാരുടെ മൂന്ന് അഭിഭാഷകരും ഹാജരായിരുന്നു. വിശദമായ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ എ ജിയ്ക്ക് നിർദ്ദേശം നൽകിയ കോടതി ഗവണ്മെന്റിന് നോട്ടീസയക്കാൻ ഉത്തരവിട്ടു. വിജയാഘോഷം നടത്താൻ ആര് എപ്പോഴാണ് തീരുമാനമെടുത്തത്, ആവശ്യമായ സുരക്ഷാ ഏർപ്പാടുകൾ നടത്തിയിരുന്നോ, ഗതാഗതം നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്തു, എന്തൊക്കെ അടിയന്തര മെഡിക്കൽ സൗകര്യങ്ങളാണ് ആഘോഷവുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്, തുടങ്ങി ഒമ്പത് പ്രധാനകാര്യങ്ങൾ വിശദീകരിക്കാൻ കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചില കാര്യങ്ങൾ എ ജി അപ്പോൾ തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി കളിച്ചവർക്കല്ല, സ്വകാര്യ മത്സരത്തിൽ വിജയിച്ചവർക്കാണ് ഗവണ്മെന്റ് സ്വീകരണമൊരുക്കിയതെന്ന്  പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. " ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കാൻ എസ് ഒ പി ( സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസിജർ ) ഉണ്ടോ എന്ന് ഇതിനിടയിൽ കോടതി ചോദിച്ചു. ഹാജരാക്കാമെന്ന് എ ജി ഉറപ്പുനൽകി. ഈ മാസം പത്തിന് കോടതി കേസ് വീണ്ടും പരിഗണിക്കും. അതിനിടയിൽ ഗവണ്മെന്റ് നിയോഗിച്ച മജിസ്‌ട്രേറ്റ് കൂടിയായ ബംഗളുരു അർബൻ ജില്ലാ കളക്ടർ ജഗദീഷ് ചിന്നസ്വാമി സ്റ്റേഡിയം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. വിമർശനം ശക്തമായതോടെ സിറ്റി കമ്മീ ഷണർ ബി. ദയാനന്ദ് ഉൾപ്പെടെയുള്ള പോലീസ് ഓഫീസർമാരെ ഗവണ്മെന്റ് സസ്പെൻഡ്‌ ചെയ്തു. കേസ് അന്വേഷണം സി ഐ ഡിയ്ക്ക് കൈമാറി. കെഎസ് സിഎ, റോയൽ ചാലഞ്ചേഴ്സ് ബംഗളുരു, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡി എൻ എ എന്നിവയുടെ ചുമതലക്കാരുടെ പേരിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. റോയൽ ചാല ഞ്ചേഴ്സിന്റെ മാർക്കറ്റിന്  വിഭാഗം തലവൻ നിഖിൽ സൂസലെ, കെ എസ് സി എ ട്രഷറർ  ഇ എസ് ജയറാം, ഡി എൻ എയുടെ സുനിൽ മാത്യു, കിരൺ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇനിയും അറസ്റ്റുകൾ ഉണ്ടായേക്കും. പ്രതിപക്ഷത്തിന്റെ അതിനിശിതമായ വിമർശനം കണക്കിലെടുത്ത് മജിസ്റ്റീരിയൽ അന്വേഷണത്തിന് പുറമെ ജൂഡിഷ്യൽ അന്വേഷണത്തിനും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ടുണ്ട്. റിട്ടയേർഡ് ജഡ്ജി ജോൺ മൈക്കൽ കുഞ്ജയാണ് ജൂഡിഷ്യൽ അന്വേഷണത്തിന് നിയോഗിക്കപ്പെട്ടത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img