
കാൻബറ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ മോണിക്ക റൈറ്റ്. സഹതാരം ജോർജിയ വോളുമായി ഗാർഡ്നർക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടി സ്വീകരിക്കാത്തത് നിരാശാജനകമാണെന്നും മോണിക്ക ആരോപിച്ചു.
രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്ക് ഉയർന്ന ധാർമിക നിലവാരം പുലർത്താനുള്ള ഉത്തരവാദിത്തമുണ്ടെന്ന് മോണിക്ക പ്രതികരിച്ചു. ഗാർഡ്നറെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. സംഭവത്തിൽ ഓസ്ട്രേലിയൻ ടീം മാനേജ്മെന്റ് പരസ്യമായി പ്രതികരിക്കാത്തതിനെതിരെയും മോണിക്ക വിമർശനം ഉന്നയിച്ചു.
ഗാർഡ്നറും ജോർജിയ വോളും ചെയ്തതായി താൻ ആരോപിക്കുന്ന കാര്യങ്ങളെ ടീം മാനേജ്മെന്റ് പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യവും മോണിക്ക ഉയർത്തി. എന്നാൽ, വിഷയം വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
2025 ഏപ്രിലിലായിരുന്നു മോണിക്ക റൈറ്റും ആഷ്‌ലി ഗാർഡ്നറും വിവാഹിതരായത്. എന്നാൽ വനിതാ ഏകദിന ലോകകപ്പിനായി ഗാർഡ്നർ ഇന്ത്യയിലെത്തിയ സമയത്ത് ഇരുവരുടെയും ബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
തുടർന്ന് സഹതാരം ജോർജിയ വോളുമായി ഗാർഡ്നർക്ക് ബന്ധമുണ്ടായിരുന്നുവെന്ന് മോണിക്ക ആരോപിക്കുകയും ഇരുവരും വേർപിരിയുകയും ചെയ്തതായാണ് റിപ്പോർട്ട്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഗാർഡ്നറുടെയും ജോർജിയ വോളുടെയും ഭാഗത്തുനിന്നുള്ള വിശദമായ പ്രതികരണം പുറത്തുവന്നിട്ടില്ല.










