
കന്നഡിഗരുടെ ക്രിക്കറ്റ് ആവേശം തലമുറകൾക്ക് മുമ്പേ ആരംഭിച്ചതാണ്. നമ്മൾ നാട്ടിൻപുറങ്ങളിൽ തലപ്പന്ത് കളിച്ചുനടന്നിരുന്ന കാലത്ത് കന്നഡക്കാർ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ക്രിക്കറ്റിൽ അഭിരമിക്കുകയായിയുന്നു. റേഡിയോ കമന്ററിയിലൂടെ സംസ്ഥാനമൊട്ടാകെ ഉത്സവ പ്രതീതി സൃഷ്ടിച്ചിരുന്ന ദേശീയ അന്തർദേശീയ മാച്ചുകൾ ടെലിവിഷൻ വന്നതോടെ പതിനായിരങ്ങൾക്ക് നേർക്കാഴ്ചയുടെ ആനന്ദം പകർന്നേകി. ബി എസ് ചന്ദ്രശേഖർ, കിർമാണി, ഇ എ എസ് പ്രസന്ന, ബ്രിജേഷ് പട്ടേൽ, റോജർ ബിന്നി, അനിൽ കുംബ്ലെ, വെങ്കടേഷ് പ്രസാദ്, ശ്രീനാഥ്, രാഹുൽ ദ്രാവിഡ് തുടങ്ങി പ്രഗത്ഭരായ നിരവധി കളിക്കാരെ കർണാടകം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്
എഴുപതുകളിലും എൺപതുകളിലുമൊക്കെ പോക്കറ്റ് റേഡിയോ ചെവിക്കരികിൽ പിടിച്ച് ആകാംക്ഷയോടെ ക്രിക്കറ്റ് കമന്ററി കേൾക്കുന്ന യുവാക്കൾ സംസ്ഥാനത്തുടനീളം പതിവുകാഴ്ചയായിരുന്നു. അനുനിമിഷം മാറ്റം കൈവരിക്കുന്ന, പുതിയ സാധ്യതകൾ തേടുന്ന ഇന്റർനെറ്റ് മൊബൈൽ യുഗം പിറന്നതോടെ ക്രിക്കറ്റാവേശം പതിന്മടങ് വർധിക്കുകയും, ബാലകൗമാരങ്ങളുടെ പ്രധാന ഉല്ലാസക്കളിയായി പരിണമിക്കുകയും ചെയ്തു. ഓരോരുത്തരും വാർത്താ ലേഖകരും ഛായാഗ്രാഹരുമാകുന്ന റീൽയുഗത്തിൽ ആവേശവും ആസക്തിയും പാരമ്യതയിലെത്തി. കോടികൾ കൈമറിയുന്ന, ആഡംബരവും ധൂർത്തും പതഞ്ഞുയരുന്ന, സ്പോർട്സ്മാൻ സ്പിരിറ്റ് കച്ചവടച്ചരക്കായി അധഃപതിച്ച ഐപിഎൽ പോലുള്ള മത്സരങ്ങൾ വന്നതോടെ ക്രിക്കറ്റ് ഭ്രാന്തിന് മറ്റൊരു മാനം കൈവന്നു. ക്രിക്കറ്റ് ചന്തയിൽ നിന്ന് കോടികൾ മുടക്കി സ്പോൺസർമാർ ലേലത്തിലെടുക്കുന്ന താരങ്ങൾക്ക് പലപ്പോഴും താല്പര്യം നല്ല കളിയോടായിരുന്നില്ല. ധനാർത്തിയും പ്രശസ്തി പ്രേമവുമാണ് അവരിൽ പലരും പ്രകടിപ്പിച്ചത്. കൂറുമാറ്റവും കൂടുമാറ്റവും പണം നിർലോഭം ഒഴുകുന്ന ഐ പി എൽ മത്സര രംഗത്ത് പതിവുകാഴ്ചയാണ്. ഈ പ്രസ്റ്റീജ് മത്സരക്കളിയും വിലയേറിയ വാടകക്കളിക്കാരും പലപ്പോഴും കാപട്യം നിറഞ്ഞതെന്ന് തോന്നിപ്പിക്കുന്ന അവരുടെ പ്രകടനങ്ങളും യുവജനങ്ങളെ സ്വാധീനിക്കുന്നത് കറകളഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റിലൂടെയല്ലെന്ന് പറഞ്ഞുവെക്കുന്നത് ധനാധിഷ്ഠിത കെട്ടുകാഴ്ചയായി തരംതാണിട്ടില്ലായിരുന്ന പഴയ കാലത്തെ നല്ല ക്രിക്കറ്റിനെ സ്നേഹിക്കുന്ന മുൻ തലമുറക്കാർ തന്നെയാണ്. പക്ഷേ യുവതലമുറയോടൊപ്പം പഴയ തലമുറയിലെ നല്ലൊരു വിഭാഗത്തെയും പുത്തൻ ക്രിക്കറ്റ് ജ്വരം ബാധിച്ചിട്ടുണ്ടെന്നതാണ് വസ്തുത.
ആവേശത്തിന്റെ മൊത്ത വിതരണക്കാർ
ചെറുപ്പത്തിൽ ക്രിക്കറ്റ് കളിച്ചുനടക്കുകയും മാച്ചുകളിൽ മനസ്സും ശരീരവും അർപ്പിക്കുകയും ചെയ്തിരുന്ന ഒരു വിഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ബിസ്സിനസ്സുകാരുമെല്ലാം പുതിയ കാലത്തെ ക്രിക്കറ്റാവേശത്തിന്റെ മൊത്ത വിതരണക്കാരാണ് എന്നുള്ളതിന്റെ ഉദാഹരണമായി ബംഗളുരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കവാടത്തിലുണ്ടായ മഹാദുരന്തം എടുത്തുകാട്ടാം. അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലപ്പെട്ടവർ ക്രഡിറ്റ് അടിച്ചെടുക്കാനും താരബന്ധം സ്ഥാപിക്കാനുമായി അതിരുവിട്ട ആവേശത്തിൽ ചുമതലാബോധം വിസ്മരിച്ചതാണ് ദുരന്തമുണ്ടായതിന്റെ പ്രധാന കാരണം. കെ എസ് സി എയുടെ (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ), ഐ പി എൽ മത്സരത്തിൽ വിജയകിരീടം ചൂടിയ ആർ സി ബിയുടെ (റോയൽ ചാലഞ്ചേഴ്സ് ബംഗളുരു), സ്പോൺസർമാരുടെ, ഇടനിലക്കാരുടെ, മുതലെടുപ്പുകാരുടെ താല്പര്യങ്ങൾക്ക് വഴങ്ങിയ സംസ്ഥാന ഗവണ്മെന്റുതന്നെയാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. എന്നാൽ പോലീസിനെ പഴിചാരി തലയൂരാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തുടക്കം മുതലേ ശ്രമിച്ചുപോന്നത്. സ്വമേധയാ കേസ്സെടുത്ത ഹൈക്കോടതി പക്ഷേ അത് അനുവദിച്ചുകൊടുക്കുമെന്ന് തോന്നുന്നില്ല. ഗവണ്മെന്റിനെ കുരുക്കിലാക്കുന്ന തെളിവുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ പ്രത്യേകിച്ചും.
ജൂൺ മൂന്നിന് മാച്ച് നടക്കുന്നതിന് മുമ്പുതന്നെ ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിജയാഹ്ലാദപരിപാടി ഒരുക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. ബംഗളുരു ആസ്ഥാനമായുള്ള ആർ സി ബി ജയം മുൻകൂട്ടി ഉറപ്പിച്ചിരുന്നത്രെ. അതൊക്കെ ഐ പി എൽ ക്രിക്കറ്റിന്റെ പിന്നാമ്പുറ രഹസ്യങ്ങളാണ്. അധികാരത്തിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ആർ സി ബിയുടെ ചുമതലക്കാരാണ് സമ്മർദ്ദം ശക്തിപ്പെടുത്തിയത്. സൂപ്പർതാരം വിരാട് കോഹ്ലി ഉൾപ്പെടുന്ന ആർ സി ബി ടീമിന് പതിനെട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കപ്പ് കൈവശപ്പെടുത്താൻ അവസരം ലഭിച്ചത്. അത് പരമാവധി മുതലാക്കി ക്രഡിറ്റും പ്രശസ്തിയും പണവും അടിച്ചെടുക്കാനുള്ള കൂട്ടായ ശ്രമമാണ് ഉണ്ടായത്. ക്രിക്കറ്റ് ആരാധകനായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എല്ലാറ്റിനും മുന്നിലുണ്ടായിരുന്നു. വിധാനസൗധ അങ്കണത്തിലും ചിന്നസ്വാമി സ്റ്റേഡിയത്തിലും പിറ്റേന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു വിജയാഹ്ലാദ പരിപാടികൾ നടത്താനാണ് തീരുമാനമെടുത്തത്. ടീമിലെ വിദേശീയരായ കളിക്കാർക്ക് എത്രയും വേഗം അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകേണ്ടതിനാലാണ് തിരക്കിട്ട് പരിപാടി നടത്താൻ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.
ഗവർണ്ണറും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരും വിജയകിരീടം ചൂടിയ ക്രിക്കറ്റ് താരങ്ങളും പങ്കെടുക്കുന്ന പരിപാടിയിലേക്ക് അനേകം കാണികൾ എത്തുമെന്നതിനാൽ സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരുന്നത്. ഒരു പരിപാടി മാത്രം നടത്താം, അല്ലെങ്കിൽ ഞായറാഴ്ചയിലേക്ക് മാറ്റാമെന്നാണ് പോലീസ് അഭിപ്രായപ്പെട്ടത്. ആവേശം ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന സന്ദർഭത്തിൽ ചൂടോടെ രണ്ടുപരിപാടികളും നടത്തണമെന്ന് ആർ സി ബിയും വൻതോക്കുകളും വാശിപിടിച്ചു. അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവരുടെ പിന്തുണ അവർ നേടിയെടുത്തിരുന്നത്രെ.
പോലീസ് അനുമതിയില്ലാതെ
ജൂൺ മൂന്നിന് അഹമ്മദാബാദിൽ രാത്രി മാച്ച് ആരംഭിക്കുന്നതിന് മുമ്പ് വൈകുന്നേരം തന്നെ പരിപാടി നടത്താൻ അനുമതി തേടി കെ എസ് സി എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുബേന്ദു ഘോഷ് കബ്ബൺ പാർക്ക് പോലീസിനെ സമീപിച്ചിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ഗതാഗതം സുഗമമാക്കാനും ആവശ്യമായ ഫോഴ്സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി അനുമതി നൽകിയില്ല. എന്നാൽ അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവർ വാക്കാൽ അനുമതി നൽകിയിരുന്നത്രെ. ആഘോഷപരിപാടിയുടെ നടത്തിപ്പുമായി സംഘാടകർ മുന്നോട്ടുപോയി. ഡി എൻ എ എന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തെയാണ് ഒരുക്കങ്ങൾ ചെയ്യാൻ ആർ സി ബി നിയോഗിച്ചത്. രണ്ടിടത്തും പരമാവധി കാണികളെ എത്തിക്കാൻ സോഷ്യൽ മീഡിയ പ്രചാരണം തകൃതിയായി നടന്നു. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർസിബിയ്ക്ക് സോഷ്യൽ മീഡിയയിൽ കോടിക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ക്രിക്കറ്റ് ഭ്രാന്തുള്ള ലക്ഷക്കണക്കിന് ആരാധകരെ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിലൂടെ സംഘടിപ്പിക്കാൻ കഴിയും. സൗജന്യ പ്രവേശന പാസ്സുകൾ വെബ്സൈറ്റിൽ നിന്ന് ഡൌൺ ലോഡ് ചെയ്തെടുക്കാനും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നിർദ്ദേശിച്ചിരുന്നു.
ആസക്തി, ആഘോഷം,ദുരന്തം
അഹമ്മദാബാദിൽ ജൂൺ മൂന്നിന് രാത്രി മാച്ച് നടക്കുമ്പോൾ തന്നെ ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള എം ജി റോഡ്, ചർച്ച് സ്ട്രീറ്റ്, യു ബി സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റാർ ഹോട്ടലുകൾ, ക്ലബ്ബുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ കൂറ്റൻ ഡിജിറ്റൽ സ്ക്രീനുകൾ ഒരുക്കി ലഹരിയുടെ പിൻബലമുള്ള ആഘോഷപരിപാടികൾ തുടങ്ങിയിരുന്നു. ആർ സി ബി കപ്പ് നേടിയതോടെ ആവേശവും വിജയോന്മാദവും പുലർച്ചവരെ നീണ്ടു. വിജയശ്രീലാളിതരായ സ്വന്തംടീമിനെ രാവിലെ നേരിൽ കാണാമെന്ന വാർത്ത ആരാധകരെ ആവേശക്കൊടുമുടിയിലേക്ക് പിടിച്ചുയർത്തി. അന്ന് രാത്രി കനത്ത പോലീസ് സംരക്ഷണയിലാണ് ആഘോഷപരിപാടികൾ നടന്നത്. ഉറക്കമൊഴിഞ്ഞു ഡ്യൂട്ടി ചെയ്ത് തളർന്ന പോലീസുകാർക്ക് രാവിലെ വീണ്ടും ഡ്യൂട്ടിയ്ക്ക് എത്താൻ പ്രയാസമായിരുന്നു.
ആർ സി ബി ബംഗളുരുവിൽ ആഴത്തിൽ വേരുപടർത്തിയിട്ടുള്ള ടീമാണ്. രാവിലെതന്നെ ആരാധകർ ആവേശത്തിമിർപ്പോടെ വിധാൻ സൗധ അങ്കണത്തിൽ എത്തിച്ചേർന്നു. ഒരു ലക്ഷത്തോളം ആരാധകരാണ് അവിടെ എത്തിയത്. അധികാരത്തിന്റെ സിരാകേന്ദ്രമായ വിധാൻ സൗധയുടെ പരിസരത്ത് കനത്ത സുരക്ഷ ഏർപ്പാടാക്കിയിരുന്നു. വിധാൻ സൗധയിൽ നിന്ന് പത്തുമിനുട്ട് നടന്നാൽ എത്തുന്നിടത്താണ് ചിന്നസ്വാമി സ്റ്റേഡിയം. അവിടെ വേണ്ടത്ര പോലീസ് ഉണ്ടായിരുന്നില്ല. വിധാൻസൗധയിലെ പരിപാടി തീരുന്നതിന് മുമ്പുതന്നെ 35000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയം നിറഞ്ഞിരുന്നു. മെട്രോ തീവണ്ടി വഴി ആയിരങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. കബ്ബൺ പാർക്ക് മെട്രോസ്റ്റേഷൻ സ്റ്റേഡിയത്തിന് അടുത്താണ്. സ്റ്റേഡിയത്തിന് ഇരുപത് ഗേറ്റുകളുണ്ട്. ആളുകൾ ഏതാണ്ട് നിറഞ്ഞതോടെ മൂന്നു ഗേറ്റുകൾ മാത്രമാണ് പിന്നീട് പ്രവേശനത്തിനായി പാതി തുറന്നുവെച്ചത്. വിധാൻസൗധയിലെ പരിപാടി കഴിഞ്ഞതും ആളുകൾ അവിടെനിന്ന് കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്കൊഴുകി. എല്ലാവരും സ്റ്റേഡിയത്തിലേക്ക് പോകണമെന്ന അനൗൺസ്മെന്റ് ഉണ്ടായിരുന്നു. തിരക്ക് വർധിച്ചപ്പോൾ സ്റ്റേഡിയത്തിന്റെ എല്ലാ ഗേറ്റുകളും അടച്ചിട്ടു. അകത്ത് വിജയാഘോഷം നടക്കുമ്പോൾ പുറത്ത് കവാടത്തിനരികിൽ ആരാധകർ ബഹളം വെക്കുകയായിരുന്നു. ചിലർ അകത്തുകടക്കാൻ നൂൽ പഴുതുകൾ തേടി. തിക്കിലും തിരക്കിലും പെട്ടാണ് പതിനൊന്ന് വിലപ്പെട്ട ജീവനുകൾ ഹോമിക്കപ്പെട്ടത്. അമ്പതോളം പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സൗകര്യങ്ങൾ പരിമിതമായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പുറത്ത് ദുരന്തം നടക്കുമ്പോൾ അകത്ത് ആഘോഷപരിപാടികൾ അരങ്ങേറുകയായിരുന്നു.
പഴി പോലീസിന്
ക്രിക്കറ്റ് ദുരന്തം സിദ്ധരാമയ്യ ഗവണ്മെന്റിനെ പിടിച്ചുലച്ചുകളഞ്ഞു. പോലീസിന്റെ വീഴ്ചയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വ്യാഖ്യാനം. പരിപാടിയ്ക്ക് പോലീസ് നിയമപ്രകാരം അനുമതി നൽകിയിരുന്നില്ല. എന്നിട്ടും പഴി പോലീസിന്. പോലീസ് കമ്മീഷണർ, ഡി സി പി, എ സി പി എന്നിവരെ സസ്പെൻഡ് ചെയ്തു. ഇന്റലിജൻസ് മേധാവി, പൊളിറ്റിക്കൽ സെക്രട്ടറി എന്നിവരെ മാറ്റി. പോലീസ് ഫോഴ്സിനകത്ത് അസ്വസ്ഥത പുകയുന്നുണ്ട്. വിധാൻസൗധയുടെ സുരക്ഷാച്ചു മതലയുള്ള ഡിസിപി കരി ബസവണ്ണ ഗൗഡ ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് (ഡി പി എ ആർ) സെക്രട്ടറി ജി. സത്യവതിയ്ക്ക് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകർ ഒഴുകിയെത്തുമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ ഫോഴ്സിനെ വിന്വസിപ്പിക്കാൻ സാവകാശം ലഭിക്കില്ലെന്നും കത്തിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയ പ്രചാരണവും ഓൺലൈൻ പാസ്സ് വിതരണവും നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ കത്തിന്റെ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സി ഐ ഡി(ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട് മെന്റ്) ആണ് ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്നത്. ജില്ലാ കളക്ടറുടെ മജിസ്റ്റീരിയൽ അന്വേഷണത്തിന് പുറമെ ജൂഡിഷ്യൽ അന്വേഷണത്തിനും ഗവണ്മെന്റ് ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജി ജോൺ മൈക്കൽ കുഞ്ജയാണ് അന്വേഷിക്കുന്നത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. വിമർശനം ശക്തമായതിനെ തുടർന്ന് അത് ഇരുപത്തിയഞ്ച് ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്. ദുരന്തം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ടെങ്കിലും സ്പീക്കർ തീരുമാനമെടുത്തിട്ടില്ല.











