
ശിവഗിരിയിലെ ചടങ്ങിൽ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മുഖ്യാതിഥിയായിരുന്നു. കന്നഡ ഭാഷയിൽ സംസാരിക്കാനാണ് സിദ്ധരാമയ്യ ആദ്യം നിശ്ചയിച്ചിരുന്നത്. അത് പരിഭാഷപ്പെടുത്താൻ മലയാളിയായ സുധാകരൻ രാമന്തളിയെ ക്ഷണിക്കുകയും ചെയ്തു. സർഗ്ഗാത്മക വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ദേശീയ പുരസ്‌കാരം നേടിയ ആളാണ് ബംഗളുരു സ്വദേശിയായ സുധാകരൻ രാമന്തളി.കന്നഡത്തിലെ നിരവധി ക്ലാസിക് കൃതികൾ രാമന്തളി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഏറെ പ്രസിദ്ധമായ കുമാരവ്യാസ മഹാഭാരതവും ആ പരിഭാഷയിൽ ഉൾപ്പെടും.ഇംഗ്ലീഷിൽ നിന്നും രാമന്തളി ചില രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ശിവഗിരി പ്രസംഗം സിദ്ധരാമയ്യ അവസാന നിമിഷം ഇംഗ്ളീഷിലാക്കിയപ്പോൾ ഒരു മണിക്കൂർ നീണ്ട ആ പ്രസംഗത്തിന്റെ സർഗ്ഗാത്മക മലയാള പരിഭാഷയും സസന്തോഷം നിർവ്വഹിച്ച രാമന്തളി ഗുരുഭക്തരുടെ നിറഞ്ഞ കൈയടി നേടി. ആ പരിഭാഷയുടെ ചെറിയൊരു ഭാഗം സോഷ്യൽ മീഡിയയിൽ വന്നത് വൈറലായിരുന്നു. പ്രാസംഗികനായ സിദ്ധരാമയ്യ പരിഭാഷകനെ അനുമോദിക്കുന്നതും ആ വിഡിയോയിലുണ്ട്.











