ഇറാൻ നേരിടുന്നത് ഗുരുതര പ്രതിസന്ധി; ഭരണകൂടത്തിൽ അഭിപ്രായഭിന്നത രൂക്ഷം

ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ ഭരണകൂടത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഇറാന്റെ താൽക്കാലിക ഭരണസമിതിയിലെ മറ്റ് അംഗങ്ങളായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ്, മൊജ്താബ ഖമനേയി എന്നിവർ തമ്മിലാണ് തർക്കം രൂക്ഷമാകുന്നത്. ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) പ്രസിഡന്റിനെ പരസ്യമായി തള്ളി രംഗത്തെത്തി.
ഗൾഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചതോടെയാണ് ഇറാനിലെ ഭരണസംവിധാനത്തിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകളെന്ന് പുറംലോകം അറിഞ്ഞത്. ആക്രമണത്തിന് ഗൾഫ് രാജ്യങ്ങളോട് മസൂദ് പെസഷ്കിയാൻ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, മസൂദ് പെസഷ്കിയാനെ തള്ളി ഇറാന്റെ താൽക്കാലിക ഭരണസമിതിയിലെ അംഗമായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ് രംഗത്തെത്തി. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷവും ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സ് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം തുടരുകയും ചെയ്തു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊല്ല അലി ഖമനേയി കൊല്ലപ്പെട്ടതോടെ വർഷങ്ങളായി അടിച്ചമർത്തി വച്ചിരുന്ന ആഭ്യന്തര ഭിന്നതകൾ പരസ്യമാകുകയാണ്. അതേസമയം അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾ ടെഹ്റാനിലെ ഭരണകൂടത്തിന് മേൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിലെ ഭരണകൂടം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇടതടവില്ലാത്ത ബോംബാക്രമണങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഗുരുതരമായി ബാധിക്കുന്നതിനാൽ ശക്തമായ നിലപാട് സ്വീകരിക്കാൻ ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് കൂടുതൽ സജീവമായി രംഗത്തിറങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. യുഎസ്–ഇസ്രയേൽ ആക്രമണങ്ങളിൽ നിരവധി പ്രമുഖ കമാൻഡർമാർ കൊല്ലപ്പെട്ടിട്ടും സൈനിക തന്ത്രങ്ങളിൽ ഐആർജിസിയുടെ സ്വാധീനം വർധിച്ചുവരികയാണ്. അടുത്തിടെ നടന്ന ആക്രമണങ്ങളിൽ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതോടെ അവശേഷിക്കുന്ന നേതാക്കൾക്കിടയിൽ തന്നെ ആശങ്കയും സമ്മർദ്ദവും ഉയരുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ സുപ്രീം നേതാവിനെ നിയമിക്കാൻ നീക്കം
ഖമെനെയിയുടെ മരണത്തിന് പിന്നാലെ പുതിയ സുപ്രീം നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മതപണ്ഡിതർ ശ്രമിക്കുന്നതായി സൂചന. ഞായറാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകാമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും, പുതിയ നേതാവിന് ഖമെനെയിയെ പോലെ ശക്തമായ നിയന്ത്രണം പുലർത്താനാകുമോയെന്നത് വ്യക്തമല്ല.
ഖമെനെയിയുടെ മകൻ മൊജ്താബ ഖമനേയി അടുത്ത പരമോന്നത നേതാവാകും എന്നാണ് സൂചന. ഐആർജിസിയും അദ്ദേഹത്തിന്റെ പിതാവിന്റെ ഓഫീസും പിന്തുണയ്ക്കുന്നുവെന്ന വിലയിരുത്തലുണ്ടെങ്കിലും, മുതിർന്ന ആയത്തുല്ലമാരെ അപേക്ഷിച്ച് അദ്ദേഹം പരിചയസമ്പത്ത് കുറവാണെന്നും മിതവാദികളിൽ ചിലർക്കിടയിൽ അസംതൃപ്തിയുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ.
ഇറാനിലെ ഭരണ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും പാർലമെന്റും ഉണ്ടായാലും അന്തിമ അധികാരം സുപ്രീം നേതാവിനാണ്. അദ്ദേഹം സൈന്യത്തെയും റവലൂഷണറി ഗാർഡിനെയും നേരിട്ട് നിയന്ത്രിക്കുന്നു.
36 വർഷം അധികാരത്തിലിരുന്ന ഖമെനെയി തീവ്രവാദികളും മിതവാദികളും തമ്മിലുള്ള ഭിന്നതകൾ നിയന്ത്രിച്ചുകൊണ്ട് അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ആ നിയന്ത്രണം നഷ്ടമായതായി വിലയിരുത്തപ്പെടുന്നു.
ഇപ്പോൾ ഭരണഘടനപ്രകാരം രൂപീകരിച്ച ഇടക്കാല നേതൃത്വ കൗൺസിലിലാണ് അധികാരം. അതിൽ പ്രസിഡന്റ് പെസെഷ്കിയാനും ജുഡീഷ്യറി മേധാവിയായ ജസ്റ്റിസ് മുഹ്സനി ഇസെയും ഉൾപ്പെടുന്നു. എന്നാൽ ഈ കൗൺസിലിനുള്ളിലും അഭിപ്രായവ്യത്യാസങ്ങൾ കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെ, ഇറാനിലെ മതനേതാക്കൾ രാജ്യത്തിന്റെ ഐക്യം നിലനിർത്താൻ പുതിയ സുപ്രീം നേതാവിനെ വേഗത്തിൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.











