08:52am 13 November 2026
NEWS
സി.പി.എമ്മിൽ ഉയരുന്ന ചോദ്യം
ആരാണ് ആ ഉന്നതശ്രേണിക്കാര്‍ ?

14/01/2025  08:58 AM IST
News Desk
കണ്ണൂരിലെ തീ ...
HIGHLIGHTS

കണ്ണൂരിൽ സൃഷ്ടിക്കുന്ന ചലനങ്ങളുടെ തുടര്‍ച്ച സംസ്ഥാനസമ്മേളനത്തിൽ നിഴലിക്കുമോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം 

തിരുവനന്തപുരം : ഉന്നതശ്രേണിയിലെ സി.പി.എമ്മുകാര്‍ ആരൊക്കെ ? ആസന്നമായ കണ്ണൂര്‍ ജില്ലാസമ്മേളനത്തിൽ സജീവമാകുന്ന ചോദ്യം ഇതാണ്. പി.വി. അൻവര്‍ കഴിഞ്ഞദിവസം കുപ്പിയിൽ നിന്നും തുറന്നുവിട്ട ഭൂതം സി.പി.എം. കേന്ദ്രങ്ങളെ വല്ലാണ്ട് അലോസരപ്പെടുത്തുന്നുണ്ട്. സി.പി.എമ്മിന്റെ ഉന്നത ശ്രേണിയിലെ നേതാക്കൻമാര്‍ ഇടപെട്ടിട്ടാണ് താൻ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചതെന്നാണ് അൻവര്‍ കഴിഞ്ഞദിവസം പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി നിര്‍ദ്ദേശിച്ചിട്ടാണ് വി.ഡി. സതീശനെതിരെ കോഴ ആരോപണം ഉന്നയിച്ചതെന്നും അൻവര്‍ ആഞ്ഞടിച്ചു. അൻവര്‍ അടഞ്ഞ അദ്ധ്യായമാണെന്ന് പറഞ്ഞ് സി.പി.എം. ഇതെല്ലാം തള്ളുന്നുണ്ടെങ്കിലും കണ്ണൂര്‍ സമ്മേളനത്തിൽ ഇതെല്ലാം ചോദ്യങ്ങളായി ഉയരും. 
          മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുക്കുന്ന സമ്മേളനത്തിൽ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയിൽ ആരൊക്കെയാണ് നിലകൊള്ളുന്നത് എന്ന ചോദ്യം ഉയര്‍ന്നാൽ കണ്ണൂരിലെ പ്രമുഖരെല്ലാം വെട്ടിലാകും. സ്വാഭാവികമായും ഇതെല്ലാം അൻവറിന്റെ ഉണ്ടയില്ലാ വെടി എന്ന നിലയ്ക്ക് തള്ളാൻ മാത്രമാകും പാര്‍ട്ടി ശ്രമിക്കുക. എന്നാൽ ഇത് അണികൾ എത്രത്തോളം വിശ്വസിക്കുമെന്നും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ എങ്ങിനെ ബാധിക്കുമെന്നും കാത്തിരുന്ന് കാണേണ്ട വിഷയമാണ്. 
       സ്വാഭാവികമായ സംശയമുനകൾ പി. ജയരാജനിലേക്കും ഇ.പി. ജയരാജനിലേക്കും നീങ്ങുമ്പോൾ പ്രത്യക്ഷത്തിൽ വരാത്ത പലരും ഉള്ളിൽ ഊറിച്ചിരിക്കുന്നുണ്ട്. അൻവറിന് പിന്നിൽ നിൽക്കുന്ന സി.പി.എം. നേതാക്കൻമാരുടെ പട്ടിക കണ്ണൂരിൽ മാത്രം ഒതുങ്ങില്ല എന്നുപറഞ്ഞാലും തെറ്റില്ല. ഇപ്പോഴത്തെ വിവാദങ്ങൾ കണ്ണൂരിൽ സൃഷ്ടിക്കുന്ന ചലനങ്ങളുടെ തുടര്‍ച്ച സംസ്ഥാനസമ്മേളനത്തിൽ നിഴലിക്കുമോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. അങ്ങിനെ സംഭവിച്ചാൽ അത് പിണറായി യുഗത്തിന്റെ അന്ത്യം കുറിക്കുമെന്നുപോലും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img