
കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ എന്ത് വിലകൊടുത്തും എതിർക്കാനുറച്ച് സിപിഎം. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ നിൽക്കാതെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് സിപിഎം നേതൃത്വം ലോക്സഭാംഗങ്ങൾക്ക് നൽകിയ നിർദ്ദേശം. ഇതനുസരിച്ച് മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ കെ. രാധാകൃഷ്ണൻ എംപി ഉൾപ്പെടെ ഡൽഹിയിലേക്ക് മടങ്ങി. കെ. രാധാകൃഷ്ണന് പുറമേ, അമ്ര റാം, എസ്. വെങ്കിടേശൻ, ആർ. സച്ചിദാനന്ദം എന്നിവരാണ് ലോക്‌സഭയിൽ സിപിഎമ്മിന്റെ പ്രതിനിധികൾ.
സിപിഎമ്മിനെ സംബന്ധിച്ച് പരമപ്രധാനമാണ് പാർട്ടി കോൺഗ്രസ്. പാർട്ടിയുടെ പരമോന്നത ഘടകമായാണ് പാർട്ടി കോൺഗ്രസിനെ കാണുന്നത്. അതിനെക്കാൾ പ്രാധാന്യത്തോടെ എതിർക്കപ്പെടേണ്ടതാണ് വഖഫ് ഭേദഗതി ബിൽ എന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്. ലോക്സഭയിൽ ബിൽ പരാജയപ്പെടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് സിപിഎമ്മിന്റെ നീക്കം. എൻഡിഎ ഘടകകക്ഷികളിൽ പലരും ബില്ലിനെ എതിർക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. സിപിഎം എംപിമാരുടെ സാന്നിധ്യമില്ലാതെ ലോക്സഭയിൽ ബിൽ പരാജയപ്പെട്ടാൽ കേരളത്തിൽ മുസ്ലീങ്ങൾക്കിടയിൽ കോൺഗ്രസിനും യുഡിഎഫിനും സ്വാധീനം വർധിക്കുമെന്നും പാർട്ടി മുസ്ലീം വിഭാഗത്തിനിടയിൽ അപ്രസക്തമാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് പാർട്ടി കോൺഗ്രസിൽ നിന്നും അവധി നൽകി എംപിമാരെ ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അയക്കുന്നത്.
വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് വോട്ടുചെയ്യണമെന്നാണ് എംപിമാർക്ക് പാർട്ടി നൽകിയ നിർദേശം. വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാൻ നാല് എംപിമാരോടും നിർദേശം നൽകിയതായി പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചു. മധുര പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാൽ അടുത്ത നാലുദിവസം സിപിഎം എംപിമാർ ലോക്‌സഭയിൽ എത്തില്ലെന്ന് കാണിച്ച് കെ. രാധാകൃഷ്ണൻ എംപി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തുനൽകിയിരുന്നു.
ചൊവ്വാഴ്ചമുതൽ ഏപ്രിൽ നാലുവരെ സഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു കത്ത്. സിപിഎം പാർലമെന്ററി പാർട്ടി നേതാവായ കെ. രാധാകൃഷ്ണന്റെ കത്ത് പുറത്തുവന്നതോടെയാണ് വഖഫ് ബില്ലിനെ എതിർത്ത് സംസാരിക്കാൻ സിപിഎം പ്രതിനിധികൾ ഉണ്ടാവില്ലെന്ന വിവരം പ്രചരിച്ചത്.











