
തൃശൂർ: സി.പി.ഐയുമായുള്ള ബന്ധം അവസാനിപ്പിച്ച് ബി.ജെ.പിയിൽ ചേർന്ന മുൻ എം.എൽ.എ. സി.സി. മുകുന്ദനുമായി അടുക്കാൻ സിപിഎം നീക്കമെന്ന് റിപ്പോർട്ട്. നാട്ടികയിൽ പാർട്ടി നേതാവ് കെ.വി. പീതാംബരന്റെ സ്മരണാർഥം നിർമിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് മുകുന്ദനെ മുഖ്യാതിഥിയായി ക്ഷണിച്ചതോടെയാണ് സിപിഎം - സിസി മുകുന്ദൻ സൗഹൃദം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. 14ന് പ്രതിപക്ഷനേതാവ് പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.
മുകുന്ദൻ എം.എൽ.എ. ആയിരിക്കെ 2024ൽ അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ടാണ് ലൈബ്രറി നിർമാണത്തിന് ഉപയോഗിച്ചത്. എന്നാൽ, സി.പി.എം. നേതാവിന്റെ പേരിലുള്ള ലൈബ്രറിക്ക് എം.എൽ.എ. ഫണ്ട് അനുവദിച്ച നടപടി അന്ന് സി.പി.ഐ.യിൽ വലിയ വിവാദമായിരുന്നു. തുക പിൻവലിക്കണമെന്നായിരുന്നു നാട്ടിക മണ്ഡലം കമ്മിറ്റിയിലെയും പാർട്ടി നേതൃത്വത്തിലെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുകുന്ദനെതിരെ വിമർശനങ്ങളും ഉയർന്നു.
എന്നാൽ, ഫണ്ട് അനുവദിച്ച തീരുമാനം തിരുത്താൻ കഴിയില്ലെന്ന നിലപാടിൽ മുകുന്ദൻ ഉറച്ചുനിന്നു. ഇതോടെ സി.പി.ഐ. നേതൃത്വവുമായുള്ള ഭിന്നത കൂടുതൽ ശക്തമായി. പിന്നീട് പാർട്ടിയിൽനിന്ന് അകന്ന മുകുന്ദൻ ബി.ജെ.പിയിലെത്തുകയും ചെയ്തു.
ഇതിനിടെയാണ് മുകുന്ദനെ തന്നെ ലൈബ്രറി ഉദ്ഘാടനച്ചടങ്ങിലേക്ക് സി.പി.എം. ക്ഷണിച്ചിരിക്കുന്നത്. നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിനോടു ചേർന്നുള്ള സ്ഥലത്ത് 820 ചതുരശ്ര അടി വിസ്തീർണത്തിലാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിന് മുന്നോടിയായി വ്യാഴാഴ്ച ലൈബ്രറിയിലെത്തിയ മുകുന്ദൻ പുസ്തകങ്ങൾ സംഭാവന ചെയ്തു. സി.പി.എം. നാട്ടിക ഏരിയാ സെക്രട്ടറിയും ലൈബ്രറി സെക്രട്ടറിയുമായ എം.എ. ഹാരിസ്ബാബു പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുൻ ജില്ലാ പഞ്ചായത്തംഗം പി.എം. അഹമ്മദും കെ.ആർ. സീതയും ഒപ്പമുണ്ടായിരുന്നു.
എന്നാൽ, 14ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുകുന്ദൻ പങ്കെടുക്കില്ലെന്നാണ് സൂചന. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനാകാത്തതിനാലാണ് വ്യാഴാഴ്ച ലൈബ്രറി സന്ദർശിച്ച് പുസ്തകങ്ങൾ കൈമാറിയതെന്നാണ് വിവരം.










