
ഭീകരതക്കെതിരായ പ്രചാരണത്തിന് കേന്ദ്രസർക്കാർ വിദേശത്തേക്കയക്കുന്ന സർവകക്ഷി സംഘത്തിൽ സിപിഎമ്മും ഭാഗമാകും. കേന്ദ്ര സർക്കാർ നയങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിലും വിശാലമായ ദേശീയ താത്പര്യം കണക്കിലെടുത്താണ് നിലപാടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ചു ചേർക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ ബിജെപി-എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം വിവേചനപരമാണെന്നും സിപിഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ വിശദീകരണത്തിനായി പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഉൾപ്പെടെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം സർക്കാർ വിളിക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത പുലർത്തണം. സ്ഥിതിഗതികളെ വർഗീയവൽക്കരിക്കാനായി ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാർ പോലും നടത്തുന്ന പ്രചാരണം ഉടൻ അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
എതിർപ്പുകൾക്കിടയിലും, വിശാലമായ ദേശീയ താൽപ്പര്യം കണക്കിലെടുത്ത് ഇന്ത്യ വിദേശത്തേക്ക് അയക്കുന്ന പ്രതിനിധി സംഘത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് കരുതുന്നുവെന്നും പ്രസ്താവനയിൽ സിപിഎം അറിയിച്ചു. ജനങ്ങളോട് കാര്യങ്ങൾ പറയാനും ജനപ്രതിനിധികൾക്ക് എന്തെങ്കിലും വിശദീകരണങ്ങൾ തേടാനുണ്ടെങ്കിൽ അതിനുള്ള അവസരം നൽകാനും സിപിഎം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.











