12:41am 25 April 2026
NEWS
സംസ്ഥാനത്ത് ബിജെപി - കോൺ​ഗ്രസ് ഡീൽ; നേതൃത്വം നൽകിയത് ഷാഫി പറമ്പിലെന്നും എം വി ​ഗോവിന്ദൻ
24/04/2026  05:22 PM IST
nila
സംസ്ഥാനത്ത് ബിജെപി - കോൺ​ഗ്രസ് ഡീൽ; നേതൃത്വം നൽകിയത് ഷാഫി പറമ്പിലെന്നും എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി - കോൺ​ഗ്രസ് ഡീൽ എന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നാണ് എം വി ​ഗോവിന്ദന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സംഘടനാ നേതാക്കളെ പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി - കോൺ​ഗ്രസ് ഡീലിന് നേതൃത്വം നൽകിയത് ഷാഫി പറമ്പിൽ എംപിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു. കോ- ലീ- ബി (കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി) സഖ്യത്തിന്റെ അതേ പാതയിലാണ് ബിജെപി-കോൺഗ്രസ് ഡീലെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് യുഡിഎഫ് അധികാരം പിടിക്കില്ലെന്നാണ് എം വി ​ഗോവിന്ദൻ പറയുന്നത്. മെയ് നാലോടെ യുഡിഎഫിലെ തർക്കങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷങ്ങൾ സൃഷ്ടിക്കാനും ഇടത് പ്രവർത്തകരെ ആക്രമിക്കാനും ശ്രമമുണ്ടെന്നും പ്രകോപനങ്ങളെ ജാഗ്രതയോടെ കാണണമെന്ന് പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിനെതിരായ ആക്രമണങ്ങളിലും ബിജെപി പ്രവർത്തകരുടെ പങ്കുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു

പൊലീസിനെതിരായ ആക്രമണങ്ങൾക്ക് ടി പി സെൻകുമാറും ആർ ശ്രീലേഖയും നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നിതിൻ രാജിന്റെ ആത്മഹത്യ ഗൗരവകരമാണെന്നും ജാതീയത സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നതിന് ഇത് തെളിവാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ഒറ്റപ്പെട്ടതായാലും ഗൗരവത്തോടെ കാണണമെന്നും പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ ജാഗ്രതയോടെയുള്ള ഇടപെടൽ വേണമെന്നും കുറ്റവാളികൾ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

നന്ദഗോവിന്ദം ഭജൻസിനെതിരായ ആക്രമണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. കേരളം കൊണ്ടുനടക്കുന്ന മതസൗഹാർദത്തിന്റെ വിവിധ രൂപങ്ങൾ നാം കണ്ടിട്ടുണ്ട്. അത് വെട്ടിമാറ്റാനുള്ള നീക്കമാണ് ഇത്തരം ശക്തികൾ ചെയ്യുന്നതെന്നും മതസൗഹാർദ്ദം ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img