
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയെ എതിർക്കാതെ പ്രതിനിധികൾ. നയരേഖ സംബന്ധിച്ച് നാലു മണിക്കൂർ നീണ്ട ചർച്ചയിൽ പങ്കെടുത്ത ഒരാൾ പോലും എതിർപ്പ് പ്രകടിപ്പിച്ചില്ല. അതേസമയം, ചിലർ ചില ഭാഗങ്ങളിൽ ആശങ്ക പങ്കുവെച്ചു. സെസും ഫീസും ജനങ്ങൾക്ക് അധിക ബാധ്യതയാകുമെന്നോ പാർട്ടിക്കും സർക്കാരിനും ദോഷം ചെയ്യുമെന്നും ഒരാളും പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
സെസും ഫീസും ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്നായിരുന്നു ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്. അപ്പോഴും ഇത് പൂർണമായും തെറ്റാണെന്ന് പറയാൻ നേതാക്കൾ തയ്യാറായില്ല. ഇത് പാർട്ടി നയമാണോ എന്ന് പരിശോധിക്കണമെന്നായിരുന്നു കോഴിക്കോട്ടെ പ്രതിനിധികളുടെ ആവശ്യം.
നയരേഖയിലെ അവ്യക്തതകൾ നീക്കി പുതിയ കാഴ്ചപ്പാട് ജനങ്ങളെ പഠിപ്പിക്കണം എന്നും ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പാർട്ടി ലൈനിന് ചേർന്നതാണോ എന്ന് സംശയമുണ്ടെന്ന് കെടി കുഞ്ഞിക്കണ്ണൻ പൊതുചർച്ചയിൽ പറഞ്ഞു. നവ ഉദാരവത്കരണമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിൽ ജാഗ്രത വേണമെന്നുമായിരുന്നു കുഞ്ഞിക്കണ്ണന്റെ നിലപാട്











