
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്നു രാവിലെ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പ്രതിനിഝി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർത്തും. രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചനക്കും ശേഷമാണ് ഉദ്ഘാടന സമ്മേളനം. പാർട്ടി പി ബി അംഗവും കേന്ദ്ര കമ്മിറ്റി കോ - ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ടാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുക. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപം ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ അടക്കം ചേർന്നാണ് നയരേഖ.
മൂന്നു പതിറ്റാണ്ടിന് ശേഷമാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇന്നലെ വൈകുന്നേരം സ്വാഗത സംഘം ചെയർമാനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയതോടെ സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായിരുന്നു. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ സി പി എം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളായിട്ടുള്ളത്. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എ കെ ബാലൻ , ആനാവൂർ നാഗപ്പൻ , പി കെ ശ്രീമതി എന്നിവർ ഒഴിവാകും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരുമെന്നാണ് സൂചന.











