
പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയിലേക്ക് തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജ്ജിനെ പരിഗണിച്ചതിൽ പ്രതിഷേധമറിയിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എല്ലാ പാർട്ടി പദവികളും ഒഴിയും. സംസ്ഥാന കമ്മിറ്റിയിലേക്ക് തന്നെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പത്മകുമാർ സമ്മേളനം അവസാനിക്കും മുമ്പേ സമ്മേളന നഗരിയിൽ നിന്നും ഇറങ്ങിപോകുകയും പിന്നീട് സമൂഹ മാധ്യമത്തിലൂടെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളുമൊഴിയുമെന്നും പാർട്ടി അംഗമായി തുടരുമെന്നും പത്മകുമാർ പറയുന്നു. 50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്നാണ് പത്മകുമാറിന്റെ പരാതി. അതേസമയം, പത്മകുമാറിനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നാണ് സൂചന. പത്മകുമാറിനെ സ്വാഗതം ചെയ്ത് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.










