
തിരുവനന്തപുരം: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഭൂരിപക്ഷം നേടിയാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി പദവിയിലേക്ക് അവകാശവാദമുന്നയിക്കാൻ സ്വാഭാവികമായും അവകാശമുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ഈ അവകാശമുണ്ടാകുമെന്നും എന്നാൽ പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മാത്രമേ ഉണ്ടാകൂവെന്നും ബേബി പറഞ്ഞു. പ്രതിപക്ഷ സഖ്യം വിജയിച്ചാൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾ ആവശ്യമായ രാഷ്ട്രീയ പക്വത കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
1996ലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബേബി നിലപാട് വിശദീകരിച്ചത്. യുണൈറ്റഡ് ഫ്രണ്ട് ഏറ്റവും വലിയ കൂട്ടായ്മയായി മുന്നിലെത്തിയപ്പോൾ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമോയെന്നത് സിപിഎം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തിരുന്നു. നിലവിലെ പാർട്ടി ശക്തി പരിഗണിക്കുമ്പോൾ സിപിഎമ്മിന് പ്രധാനമന്ത്രി പദവിയിൽ അവകാശവാദമുന്നയിക്കുന്നത് യുക്തിസഹമല്ലെന്നും അതിനാൽ പ്രതിപക്ഷ നേതാവിന് മുന്നോട്ടുവരാനുള്ള സ്വാഭാവിക അവകാശമുണ്ടെന്നും ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ മുന്നണിയുടെ നേതാവ് ആരായിരിക്കുമെന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾക്ക് പിന്നാലെ പോകാൻ സിപിഎമ്മിന് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിൽ ബിജെപിയുടെ പരാജയത്തിന് പിന്നാലെ സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ജോസഫ് വിജയ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഭാവി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും ബേബി ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്തരം ചർച്ചകളിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ആദ്യം പ്രതിപക്ഷ സഖ്യം ഭൂരിപക്ഷം നേടുക എന്നതിനാണ് പ്രാധാന്യം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കാമെന്നും എം.എ. ബേബി ആവർത്തിച്ചു.











