
മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്ന് സിപിഎമ്മിന്റെ രഹസ്യരേഖ. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വരുത്തിയുള്ള രഹസ്യരേഖയിലാണ് കേന്ദ്ര നേതൃത്വം ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് മുൻ പാർട്ടി കോൺഗ്രസുകളിലെ പാർട്ടി നിലപാടിനെ തള്ളിക്കളയുന്നതാണ് പാർട്ടി കേന്ദ്രകമ്മിറ്റി സംസ്ഥാന കമ്മിറ്റികൾക്ക് അയച്ച രഹസ്യരേഖയിലെ വിലയിരുത്തൽ.
മുസോളിനിയുടെയും ഹിറ്റ്ലറുടെയും കാലത്തേത് ‘ക്ലാസിക്കൽ ഫാസിസ’മെന്നാണ് സിപിഎം നിർവചിക്കുന്നത്. പിന്നീടുള്ള രൂപങ്ങളെ ‘നവഫാസിസ’മെന്നും സിപിഎം വിശേഷിപ്പിക്കുന്നു. അന്തഃസാമ്രാജ്യത്വവൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കൽ ഫാസിസമെന്നും നവ ഉദാരീകരണപ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നും കേന്ദ്ര കമ്മിറ്റിയുടെ രഹസ്യ രേഖയിൽ വിശദീകരിക്കുന്നു. എന്നാൽ, മോദി സർക്കാരിനെ ഈ ഗണത്തിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് സിപിഎം ലൈൻ.
ഏപ്രിലിൽ മധുരയിൽനടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായി കരടുരാഷ്ട്രീയപ്രമേയം പരസ്യമാക്കിക്കഴിഞ്ഞു. പാർട്ടി ഘടകങ്ങൾക്കും പൊതുജനങ്ങൾക്കുമൊക്കെ ചർച്ചചെയ്യാനും അഭിപ്രായം പറയാനുമായി പ്രമേയം പരസ്യമാക്കിയാൽ പിന്നീടൊരു കുറിപ്പ് പതിവില്ല. എന്നാൽ, ആ പതിവ് തെറ്റിച്ചാണ് ഇപ്പോൾ സംസ്ഥാനങ്ങൾക്ക് വിശദീകരണ രേഖ അയച്ചിരിക്കുന്നത്. സി.പി.ഐ. മോദിസർക്കാരിനെ ഫാസിസ്റ്റ് ഭരണകൂടമെന്നു വിശേഷിപ്പിച്ചപ്പോൾ ഇന്ത്യൻ ഫാസിസം വന്നുകഴിഞ്ഞെന്ന് സി.പി.ഐ. (എം.എൽ.) നിലപാടെടുത്തു. ഇതു രണ്ടിനെയും തള്ളി, അവയിൽനിന്ന് വ്യത്യസ്തമാണ് സി.പി.എം. നിലപാടെന്ന് രേഖ വ്യക്തമാക്കി.











