
കെ റെയിൽ പദ്ധതി മുഖം മാറ്റി അവതരിപ്പിക്കാൻ സിപിഎം നീക്കം. കെ റെയിൽ പുതിയ മാർഗത്തിലേക്ക് മാറേണ്ടിവരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കുന്നത്. കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് കെ റെയിൽ പദ്ധതിക്കായി പുതിയ സമീപനം സ്വീകരിക്കാൻ ഇടതുമുന്നണി ആലോചിക്കുന്നത്.
കെ റെയിൽ പദ്ധതിക്ക് പണം തടസ്സമായിരുന്നില്ലെന്ന് എം വി ഗോവിന്ദൻ പറയുന്നു. കേന്ദ്ര അംഗീകാരം മാത്രമായിരുന്നു വിഷയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അര നൂറ്റാണ്ട് മുന്നിൽ കണ്ടുളള വികസന പദ്ധതിയായിരുന്നു കെ റെയിൽ എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ മെട്രോ മാൻ ഇ ശ്രീധരൻ റെയിൽവേയ്ക്ക് സമർപ്പിച്ച പദ്ധതിയെ അംഗീകരിക്കുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവന.
കേരളത്തിൽ കെ റെയിൽ വരാൻ യാതൊരു സാധ്യതയുമില്ലെന്ന് ഇ ശ്രീധരൻ അന്ന് പറഞ്ഞിരുന്നു. കെ റെയിലിന്റെ ബദൽ പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്നും ആ പ്രൊപ്പോസൽ കേരള സർക്കാരിന് ഇഷ്ടമായെന്നും ശ്രീധരൻ അന്ന് വ്യക്തമാക്കിയിരുന്നു. 'പ്രൊപ്പോസലുമായി ബന്ധപ്പെട്ടുള്ള ചർച്ച മുഖ്യമന്ത്രിയുമായി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് അത് ബോധ്യമായി. അതുമായി മുന്നോട്ട് പോകാനുള്ള ആലോചനയാണ് നടക്കുന്നത്. കെ റെയിലിനേക്കാൾ ഉപകാരമുള്ളതാണ് ബദൽ. നാട്ടുകാർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. പക്ഷേ, കേന്ദ്ര സർക്കാർ അനുമതി നൽകണം'എന്നാണ് ഇ ശ്രീധരൻ മാർച്ചിൽ മാധ്യമങ്ങളോട് പറഞ്ഞത്.











