
കണ്ണൂർ ∙ സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച ഇസ്‌ലാമിക ബാങ്കിങ് സംരംഭമായ ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചതിനെതിരെ നിക്ഷേപകന്റെ പരാതി. മയ്യിൽ സ്വദേശി കെ.പി. നാസറാണ് പണം തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ടി.കെ. ഗോവിന്ദൻ എംഎൽഎ വഴിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നാസറിന്റെ നിക്ഷേപത്തുകയായ ഒരു ലക്ഷം രൂപ തിരിച്ചുനൽകി. ഇതോടെ നിലവിൽ പരാതിയില്ലെന്നും തന്റെ ആവശ്യം പരിഗണിച്ചെന്നും നാസർ അറിയിച്ചു.
2017 ഡിസംബറിലാണ് പലിശരഹിത നിക്ഷേപം സ്വീകരിച്ച് ഇസ്‌ലാമിക ബാങ്കിങ് മാതൃകയിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് ‘ഹലാൽ ഫായിദ’ ആരംഭിച്ചത്. പലിശയുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവരിൽനിന്ന് ഓഹരി നിക്ഷേപം സ്വീകരിച്ച് വ്യവസായം, വ്യാപാരം, നിർമാണം തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കുകയും ലഭിക്കുന്ന ലാഭം നിക്ഷേപകർക്ക് വീതിച്ചുനൽകുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പായില്ലെന്നാണ് ആരോപണം. സ്ഥാപനത്തിന്റെ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചിട്ടില്ലെന്നും നിക്ഷേപകർ പറയുന്നു. നിക്ഷേപകർ നേരിടുന്ന പ്രശ്നം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും നേരത്തേ തന്നെ ഉന്നയിച്ചിരുന്നതായി ടി.കെ. ഗോവിന്ദൻ എംഎൽഎ വ്യക്തമാക്കി.
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് ആരോപണവും കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി കണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫിസിന് കെട്ടിടം നിർമിക്കാൻ സ്വരൂപിച്ച ഫണ്ടിലെ ക്രമക്കേട് ആരോപണവും നിലനിൽക്കുന്നതിനിടെയാണ് ‘ഹലാൽ ഫായിദ’യുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദവും പുറത്തുവരുന്നത്.










