06:17am 13 November 2026
NEWS
സിപിഎമ്മിൽ കൊട്ടാരവിപ്ലവം; ‘ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം
11/02/2026  12:39 PM IST
nila
സിപിഎമ്മിൽ കൊട്ടാരവിപ്ലവം; ‘ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതൃത്വത്തിന് തലവേദനയായി പാലക്കാട് ജില്ലയിലെ വിമത നീക്കം. സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്ന വിധത്തിൽ വിമത പ്രവർത്തനങ്ങൾ ശക്തമാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‘ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് പാർട്ടി’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സിപിഎം വിമതർ നീക്കം ആരംഭിച്ചതായാണ് സൂചന. ആദ്യഘട്ട പ്രവർത്തനങ്ങൾ പാലക്കാട് കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് വിവരം. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലകളിലെ വിമത പ്രവർത്തകർ സംയുക്തമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതല വിമത കൺവെൻഷൻ വിളിച്ചുചേർക്കാനും തീരുമാനം എടുത്തിട്ടുണ്ട്. 

പി കെ ശശിയെ പുതിയ പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും സജീവമാണെന്ന് അറിയുന്നു. ഇതിനിടെ, കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി ഉടൻ രാജിവെച്ചേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഈ വിമത നീക്കങ്ങൾ സിപിഎം ജില്ലാ നേതൃത്വം നിരീക്ഷിച്ചു വരികയാണ്. പി കെ ശശിയുടെ രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച നടന്നതായി വിവരം. അതേസമയം, പി കെ ശശിയെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണെന്നാണ് റിപ്പോർട്ട്. അദ്ദേഹം കോൺഗ്രസിൽ ചേർന്നാൽ ഷൊർണ്ണൂർ അല്ലെങ്കിൽ ഒറ്റപ്പാലം മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ സ്ഥാനാർഥിത്വം നൽകാനാണ് ആലോചന. 

കൂടാതെ, ബിജെപി നേതാവ് പ്രമീള ശശിധരനെയും പാർട്ടിയിൽ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നുവെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുന്ന വേളയിൽ ചില നേതാക്കളുടെ പാർട്ടി പ്രവേശനം ഉണ്ടായേക്കാമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള വിവരം. വി എസ് അച്യുതാനന്ദന്റെ മുൻ പി എ ആയിരുന്ന സുരേഷിനെ പാർട്ടിയിലെത്തിക്കാനുള്ള ചർച്ചകൾക്കും ഇതിനോടകം തുടക്കമായിട്ടുണ്ട്.

മലമ്പുഴ മണ്ഡലത്തിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് സുരേഷുമായി കോൺഗ്രസ് ചർച്ച നടത്തിയത്. മണ്ഡലത്തിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കി നിർത്തിയാൽ വിജയസാധ്യതയുണ്ടെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ദീർഘകാലമായി പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന സുരേഷ്, 2002ൽ കൽമണ്ഡപം ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ വി എസ് അച്യുതാനന്ദനൊപ്പം പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img