
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം ശൈലി മാറ്റുന്നു. സിപിഎമ്മിൽ സംഘടനാ ശൈലിയിലും ഉൾപ്പാർട്ടി ചർച്ചകളിലും വലിയ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത് എന്നാണ് സൂചന. ചർച്ചകൾക്ക് മുൻകൂട്ടി സമയപരിധി നിശ്ചയിക്കുന്ന രീതി ഇനി തുടരാനാകില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എം.എ. ബേബി അംഗീകരിച്ചതോടെയാണ് പുതിയ സമീപനത്തിന് വഴി തുറന്നത്.
മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കുമെതിരായി ശക്തമായ വിമർശനങ്ങൾ ഉയർന്ന സെക്രട്ടേറിയറ്റ് യോഗം പതിവിൽ നിന്നും വ്യത്യസ്തമായി ദൈർഘ്യമേറിയ ചർച്ചകൾക്ക് വേദിയായി. താഴേത്തട്ടുമുതൽ തെരഞ്ഞെടുപ്പ് അവലോകനം നടത്താനാണ് പാർട്ടിയുടെ തീരുമാനം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് സർക്കാരും സംഘടനാ നേതൃത്വവുമാണെന്ന അഭിപ്രായമാണ് ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും പങ്കുവെക്കുന്നത്. പാർട്ടിയുടെ അടിത്തറ ശക്തമാണെന്ന വിലയിരുത്തലാണ് സിപിഎമ്മിനകത്ത് ഉയരുന്നത്.
മുൻകൂട്ടി സമയക്രമം നിശ്ചയിച്ചിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവസാനം പതിമൂന്ന് മണിക്കൂറിലേറെയാണ് നീണ്ടത്. ഓരോ അംഗങ്ങൾക്കും വിശദമായി അഭിപ്രായം പറയാൻ അവസരം നൽകിയിരുന്നു. സമീപകാലത്ത് കാണാത്ത തരത്തിലുള്ള വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരായ വിമർശനങ്ങളാണ് ചർച്ചകളിൽ പ്രധാനമായും ഉയർന്നത്.
എം.വി. ഗോവിന്ദൻ സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്ന അഭിപ്രായം മുതൽ, ഭരണ-പാർട്ടി ശൈലിയിൽ പിണറായി വിജയൻ മാറ്റം വരുത്തേണ്ടതുണ്ടെന്ന വിമർശനം വരെ യോഗത്തിൽ ഉയർന്നു. മുഖ്യമന്ത്രിക്കെതിരായ പ്രധാന വിമർശനം സ്വജനപക്ഷപാത ആരോപണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ചുറ്റുപാടിലുള്ളവരുടെ നടപടികളെ എല്ലായ്പ്പോഴും ന്യായീകരിക്കുന്ന സമീപനം പാർട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ തോൽവിയും ഗൗരവകരമായ ചർച്ചയായി. ഇതിന്റെ കാരണങ്ങൾ പാർട്ടി വേദികളിലും പൊതുസമൂഹത്തിലും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയുടെ ഇടപെടൽ ശൈലിയിലും മാറ്റം വേണമെന്ന അഭിപ്രായം പാർട്ടി ഘടകങ്ങളിൽ ശക്തമാണ്. പൊതുപ്രതികരണങ്ങളിലും മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്.










