08:40pm 09 November 2026
NEWS
ശ്രീചിത്ര ആശുപത്രിയെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി സിപിഎം
11/06/2025  08:14 AM IST
nila
 ശ്രീചിത്ര ആശുപത്രിയെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി സിപിഎം

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി സിപിഎം. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്ഥാപനത്തെ നിരന്തരം അവ​ഗണിക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു. ആവശ്യത്തിന് ഉപകരണങ്ങൾ നൽകാതെ എല്ലാം ശരിയായി എന്ന് കേന്ദ്ര സഹമന്ത്രി പറയുന്നത് തട്ടിപ്പാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോപിക്കുന്നു.

കേരളത്തിനകത്തും പുറത്തുമായി അനേകായിരം രോഗികൾക്ക് ആശ്രയമായിരുന്നു. ഈ ആശുപത്രി. മെഡിക്കൽ ടെക്നോളജി രംഗത്ത് വിലപ്പെട്ട സംഭാവനകളും കണ്ടുപിടുത്തങ്ങളും നടത്തുകയുണ്ടായി. ചികിത്സാ രംഗത്ത് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ ഗുരുതര വീഴ്‌ചയാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ മാറ്റിവച്ചിരിക്കുകയാണ്. തലച്ചോറുമായി ബന്ധപ്പെട്ടതും പിത്താശയ കാൻസറുമായി ബന്ധപ്പെട്ടതുമടക്കം ഉള്ള പ്രധാന ശസ്ത്രക്രിയകൾ എല്ലാം മാറ്റിവച്ചു. ആധുനിക ഉപകരണങ്ങൾ മാനേജ്മെന്റ് വാങ്ങുന്നില്ല. ചില സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ഈ ആശുപത്രിയെ തകർക്കുന്നത് എന്ന് പരക്കെ ആക്ഷേപമുണ്ട്. 

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയത്. അവിടെ നിർമ്മിച്ച ബഹുനില കെട്ടിടം 3 മാസം മുമ്പ് പദ്ധതി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി. കെട്ടിടം പണി പൂർത്തിയായതു മുതൽ ആവശ്യമായ സ്റ്റാഫിനെ കേന്ദ്ര ഗവൺമെൻ്റിനോട് ആവശ്യപ്പെടുകയാണ്. ഒരു പുതിയ സ്റ്റാഫിനെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. മുൻകാലങ്ങളിൽ അവിടെ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ചികിത്സ സൗജന്യമായി നൽകുമായിരുന്നു. ഇപ്പോൾ അതും നൽകാത്ത അവസ്ഥയാണ്.
തിരുവനന്തപുരത്തിൻ്റെ തിലകകുറിയായ ഈ സ്ഥാപനത്തിനെ നശിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യയാണ് ഇന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി നടത്തിയത്. ആവശ്യത്തിന് ഉപകരണങ്ങൾ നൽകാതെ എല്ലാം ശരിയായി എന്നു പറയുന്നത് തട്ടിപ്പാണ്. വരുന്ന നാളുകളിൽ സിപിഎം ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img