
കൊച്ചി: സിപിഎമ്മിലെ അധികാര തര്‍ക്കം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മുന്‍ എല്‍ഡിഎഫ് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷൈന്‍ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനോ, ഔദ്യോഗിക കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ക്കോ ബന്ധമില്ല, പത്രത്തില്‍ വന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ഇതെങ്ങനെയാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ജില്ലാ സെക്രട്ടറി തന്നെ ഇത്രയധികം മോശമായ പ്രസ്താവന നടത്തിയത് അപലപനീയമെന്നും, പ്രസ്താവന പിന്‍വലിക്കണമെന്നും ഷിയാസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത എങ്ങനെ ലഭിച്ചു. എങ്ങനെയാണ് ഈ വാര്‍ത്ത പത്രത്തില്‍ വന്നത്, ഇത്തരം കാര്യങ്ങള്‍ ജില്ലാ സെക്രട്ടറി അന്വേഷിക്കുന്നത് നല്ലതായിരിക്കും. സിപിഎമ്മിനകത്തെ അധികാര രാഷ്ട്രീയത്തിന്റെ പിന്നില്‍ നടന്ന ഗൂഡാലോചനകളും, അതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇത്. അതെങ്ങനെയാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കുന്നത്. സിപിഎം നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അന്വേഷിക്കേണ്ട ജില്ലാ സെക്രട്ടറി കോണ്‍ഗ്രസിനെ പഴിച്ചതില്‍ കാര്യമില്ല. മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസിനെതിരായ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ബോധപൂര്‍വ്വം കോണ്‍ഗ്രസിന്റെ തലയില്‍ അടിച്ച് ഏല്‍പ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സമീപകാലങ്ങളില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായി ഉയര്‍ന്നു വരുന്ന എല്ലാ ആക്രമണങ്ങള്‍ക്കും എതിരെ ശക്തമായ നിലപാടാണ് പാര്‍ട്ടിയും, നേതാക്കളും സ്വീകരിച്ചിട്ടുള്ളതെന്നും, ഇരകള്‍ക്ക് അനുകൂല നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാര്യവും, എക്കാലത്തും മറച്ചു വെക്കാനാകില്ലെന്നും വഴിയിലൂടെ പോകുന്ന ചെണ്ടയല്ല കോണ്‍ഗ്രസെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
Photo Courtesy - Google