
ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് പാർട്ടി പോളിറ്റ് ബ്യൂറോ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുത്തു. നേരിയ ഭൂരിപക്ഷത്തിലെങ്കിലും ഭരണം നിലനിർത്താനാകുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
മുസ്ലിം, ക്രൈസ്തവ വോട്ടുകൾ സംസ്ഥാനത്തുടനീളം യുഡിഎഫിന് അനുകൂലമായി ഏകോപിതമായിട്ടില്ലെന്ന് പാർട്ടി വിലയിരുത്തുന്നു. ചില മണ്ഡലങ്ങളിൽ യുഡിഎഫിന് നേട്ടമുണ്ടായിരുന്നെങ്കിലും, മറ്റ് ചില മേഖലകളിൽ ഈ വോട്ടുകൾ ഇടത് മുന്നണിക്ക് ഗുണകരമായെന്നും സിപിഎം കണക്കാക്കുന്നു.
75-ൽ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ ഭൂരിപക്ഷം വളരെ ചെറുതായിരിക്കാമെന്ന സൂചനയും ഉയരുന്നുണ്ട്. 2011ലെ പോലെ വളരെ കുറഞ്ഞ ലീഡോടെ വിജയിക്കേണ്ടി വരാമെന്ന വിലയിരുത്തലും പോളിറ്റ്ബ്യൂറോയിലെ ഒരു മുതിർന്ന നേതാവ് പങ്കുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു.











