പാർട്ടിയുടെ അടിത്തറ ഇളകുന്നത് സിപിഎം അറിയുന്നുണ്ട്..

പാർട്ടിയുടെ ശക്തി ക്ഷയിക്കുന്നുണ്ടെന്ന് കേരളത്തിലെ സിപിഎം നേതൃത്വവും തിരിച്ചറിയുന്നുണ്ട്. കേരളത്തിൽ അത് തുറന്നു പറയുന്നില്ലെങ്കിലും മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎം കേരള ഘടകം ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തു. പാർട്ടി താഴെതട്ടിൽ അതീവ ദുർബലമെന്നാണ് സിപിഎം കേരള ഘടകം ചൂണ്ടിക്കാട്ടുന്നത്. സംഘടനാ റിപ്പോർട്ടിന്മേലുളള പൊതുചർച്ചയിലാണ് കേരള ഘടകം പാർട്ടിയുടെ ക്ഷയിക്കുന്ന ശക്തിയിൽ ആശങ്ക പങ്കുവെച്ചത്. എന്നാൽ, ഭരണത്തുടർച്ചയുണ്ടായിട്ടും പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കാൻ എന്ത് ചെയ്തു എന്ന് കേരള ഘടകവും വ്യക്തമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വെള്ളിയാഴ്ച്ച അവതരിപ്പിച്ച സംഘടനാറിപ്പോർട്ടിന്മേലാണ് ശനിയാഴ്ച പൊതുചർച്ച നടന്നത്. പി.കെ. ബിജു. പി.എ. മുഹമ്മദ് റിയാസ്, ആർ. ബിന്ദു എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് പൊതുചർച്ചയിൽ പങ്കെടുത്തത്. ഈ ചർച്ചയിൽ പങ്കെടുക്കവേയാണ് ബിജു, സ്വയംവിമർശനമെന്നവണ്ണം പാർട്ടിയുടെ ശക്തി ക്ഷയിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയത്.
താഴേത്തട്ടിലേക്ക് കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ വേണമെന്നും കൂടുതൽ സമരങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നുവെന്നും ബിജു പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.











