
തിരുവനന്തപുരം: ശമ്പളപരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി നാളെ പണിമുടക്കുന്ന സിപിഐ അനുകൂല സർവീസ് സംഘടനയെ പരിഹസിച്ച് സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ. സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പുറത്തിറക്കിയ നോട്ടീസിലാണ് സംഘടന സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിനെ പരിഹസിക്കുന്നത്. അന്തി ചന്തക്കു പോലും ആളില്ലാ സംഘടനയെന്നാണ് പരിഹാസം. ചില അതി വിപ്ലവകാരികൾ കൊങ്ങി സംഘികൾക്കൊപ്പം തോളിൽ കൈയിട്ട് സമരം നടത്തുന്നുവെന്നും സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ ജീവനക്കാർക്ക് വിതരണം ചെയ്ത നോട്ടീസിൽ ആരോപിക്കുന്നു.
വാൽക്കഷണങ്ങൾ നടത്തുന്ന സമരത്തെ ജീവനക്കാർ തള്ളി കളയണമെന്നാണ് നോട്ടീസിൽ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. സമരം നടത്തുന്നത് ആളില്ലാ സംഘടനകളാണെന്നും സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ പറയുന്നു.
പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകി. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകാനും തീരുമാനിച്ചു. ശമ്പളപരിഷ്ക്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്











