
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തിൽ നിന്നും ബിജെപിയെ അകറ്റിനിർത്താൻ കോൺഗ്രസുമായി സഹകരിക്കില്ലെന്ന് സിപിഎം. കേരളത്തിൽ കോൺഗ്രസുമായോ ബിജെപിയുമായോ പരസ്പര സഹകരണ രാഷ്ട്രീയത്തിന് സിപിഎം തയ്യാറല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. ഇതോടെ, തിരുവനന്തപുരം നഗരസഭയിൽ 50 സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് ഭരണത്തിനുള്ള സാധ്യതകൾ തെളിയുകയാണ്. കോൺഗ്രസുമായി ചേർന്ന് ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനുള്ള സാധ്യതയില്ലെന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കുന്നത്.
എൽഡിഎഫിന്റെ ജനകീയ അടിത്തറയിൽ കാര്യമായ ഇടിവൊന്നും ഉണ്ടായിട്ടില്ലെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് എം വി ഗോവിന്ദൻ പറയുന്നത്. വർഗീയ ശക്തികളുമായി നീക്കുപോക്ക് നടത്തിയിട്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും, എൽഡിഎഫിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ ബിജെപി–യുഡിഎഫ് വോട്ടുകളുടെ കൈമാറ്റം നടന്നുവെന്നതിനു തെളിവുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മതരാഷ്ട്രവാദം പ്രോത്സാഹിപ്പിക്കുന്ന ശക്തികളോടുള്ള യുഡിഎഫിന്റെ സമീപനം പരോക്ഷമായി ബിജെപിക്കു തന്നെ ഗുണം ചെയ്തതായും ഗോവിന്ദൻ പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പന്തളം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് വിജയിച്ചതും, കുളനട, ചെറുകോൽ തുടങ്ങിയ പഞ്ചായത്തുകൾ ബിജെപിയിൽനിന്ന് തിരിച്ചു പിടിച്ചതും അദ്ദേഹം ഉദാഹരണമായി എടുത്തു.
തിരുവനന്തപുരം കോർപറേഷൻ നേടിയതൊഴിച്ചാൽ ബിജെപിക്ക് കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാനായില്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും അത് തെരഞ്ഞെടുപ്പിൽ പൂർണമായി പ്രതിഫലിക്കാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്ന രാഷ്ട്രീയ ഇടപെടലുകൾക്ക് പാർട്ടി മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയെക്കുറിച്ച് വിശദമായ അവലോകനം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. 2010ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിന്റെ വിജയം ആറിൽ നിന്ന് ഏഴായി വർധിച്ചതായും, ബ്ലോക്ക് പഞ്ചായത്തുകളിൽ 59ൽ നിന്ന് 77 ആയി ഉയർന്നതായും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്തുകളിൽ 2010ൽ 360 ഇടങ്ങളിൽ നേടിയ വിജയം ഇത്തവണ 343 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും, 70 ഇടങ്ങളിൽ ഉണ്ടായ തുല്യത കൂടി കണക്കിലെടുക്കുമ്പോൾ വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി.
സംഘടനാ തലത്തിലുള്ള പോരായ്മകൾ ഉണ്ടായിട്ടുണ്ടോയെന്നതും പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.











