
ഫ്യൂഡൽ ജീർണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോടെയാണ് അടൂർ സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് അടൂരിനെ വിമർശിച്ച് എം വി ഗോവിന്ദൻ രംഗത്തെത്തിയത്. പട്ടികജാതി-വർഗ, സ്ത്രീ ഈ വിഭാഗത്തിന് പ്രത്യേകമായി പരിശീലനം നൽകി കൈകാര്യം ചെയ്യേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
'അടൂർ ഗോപാലകൃഷ്ണന്റെ എന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഞാനങ്ങനെ അല്ല ഉദ്ദേശിച്ചതെന്നെന്നാണ് അദ്ദേഹം പറയുന്നത്. ഉറപ്പായും പറയാൻ പറ്റുന്ന കാര്യം, ഫ്യൂഡൽ ജീർണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോട് കൂടി തന്നെയാണ് ഇങ്ങനെയുള്ള പലരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. അത് ജനാധിപത്യ സമൂഹത്ത് ചെയ്യുന്ന ഏറ്റവും വലിയ നീതി കേടാണ്' എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെകീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം. സിനിമാകോൺക്ലേവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു അടൂർ ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിനിടെ തന്നെ സദസ്സിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു,.











