
വഖഫ് ഭേദഗതി ബില്ല് ബുധനാഴ്ച്ച ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ എതിർക്കാൻ സിപിഎമ്മിന്റെ ഒരാൾ പോലും സഭയിലുണ്ടാകില്ലെന്ന് റിപ്പോർട്ട്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പാർട്ടിയുടെ നാല് ലോക്സഭാംഗങ്ങളും മധുരയിലാണ്. വഖഫ് ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ അതുകൊണ്ട് തന്നെ എതിർക്കാൻ സിപിഎമ്മിന്റെ ഒരംഗം പോലും ലോക്സഭയിലുണ്ടാകില്ല.
അടുത്ത നാല് ദിവസം സിപിഎം എംപിമാർ ലോക്‌സഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തുനൽകിയിട്ടുണ്ട്. മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാലാണ് അവധി അറിയിച്ചിരിക്കുന്നത്. കെ.രാധാകൃഷ്ണൻ, അമ്ര റാം, എസ്.വെങ്കിടേശൻ, ആർ.സച്ചിതാനന്ദം എന്നീ എംപിമാരാണ് ചൊവ്വാഴ്ച മുതൽ ഏപ്രിൽ നാലാം തീയതി വരെ സഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. സർക്കാർ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ തങ്ങൾ എതിർക്കുകയാണെന്നും ഈ എതിർപ്പ് സഭയിൽ അവതരിപ്പിക്കേണ്ടതാണെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ കെ.രാധാകൃഷ്ണൻ അറിയിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
ഫലത്തിൽ നിർണായകമായ വഖഫ് ഭേദഗതി ബില്ലിൽ സിപിഎമ്മിന്റെ നാല് എംപിമാരും എതിർക്കുകയില്ലെന്നും ഇത് സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നുമാണ് വിലയിരുത്തലുകൾ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ്, സിപിഎം എംപിമാർ വഖഫ് ബില്ലിനെ അനുകൂലിക്കണമെന്നാണ് കെസിബിസി ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുള്ളത്.











