
തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടിയ്ക്കെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്ഐആർ നടപടി ഭരണഘടനാ വ്യതിചലനം കൂടിയുള്ള നിയമലംഘനമാണെന്ന് പാർട്ടി ഹർജിയിൽ ആരോപിക്കുന്നു. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇടയാക്കുന്ന നടപടിയാണിതെന്നും സിപിഎം ചൂണ്ടിക്കാണിക്കുന്നു. പ്രവാസികളും സ്ഥിരതാമസമില്ലാത്തവരുമായ നിരവധി ആളുകൾ ഇതിന്റെ ഇരകളാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആർ നടത്തുന്നത് ബിഎൽഒമാരിൽ അനാവശ്യ സമ്മർദ്ദമുണ്ടാക്കുന്നുവെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതേസമയം, എസ്ഐആർ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കണമെന്ന സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ നടപ്പാക്കുന്നത് ഭരണ സംവിധാനത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നൽകിയ ഹർജിയിൽ പറയുന്നു. ഇതിനോടകം കോൺഗ്രസും മുസ്ലിം ലീഗും എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സമർപ്പിച്ച ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഇരുപാർട്ടികളും അഭ്യർത്ഥിച്ചിട്ടുണ്ട്.











