
തിരുവനന്തപുരം: സ്വർണ്ണക്കൊള്ളക്കേസിൽ അകപ്പെട്ട സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പദ്മകുമാറിനെതിരെയുള്ള അച്ചടക്ക നടപടി വെറും സസ്പെൻഷനിൽ ഒതുക്കി പാർട്ടി സംസ്ഥാന നേതൃത്വം ഒളിച്ചോടിയതായി സൂചന. കടുത്ത പുറത്താക്കൽ നടപടിയിലേക്ക് നീങ്ങേണ്ട കേസിൽ സി.പി.എം പതറാൻ കാരണം പദ്മകുമാർ എഴുതാൻ പോകുന്ന ആത്മകഥയിലെ 'വെളിപ്പെടുത്തൽ ബോംബുകളെ' ഭയന്നാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രത്യേകിച്ച്, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പാർട്ടി രഹസ്യങ്ങൾ പുറത്തായാൽ അത് സി.പി.എമ്മിനെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് നേതൃത്വം ഭയക്കുന്നു.
തന്ത്രപരമായ നീക്കത്തിൽ വീണ് സംസ്ഥാന നേതൃത്വം
പുറത്താക്കലെന്ന സ്വാഭാവിക നടപടിയിലൂടെ തന്നെ ഒതുക്കാൻ നോക്കിയ സംസ്ഥാന നേതൃത്വത്തെ കൃത്യമായ ബ്ലാക്ക്മെയിൽ തന്ത്രത്തിലൂടെയാണ് പദ്മകുമാർ കീഴ്പ്പെടുത്തിയത്. ശബരിമല യുവതീ പ്രവേശന സമയത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന തന്നേയും, ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എ.സ്. ശ്രീജിത്തിനേയും മനഃപൂർവ്വം ശബരിമലയിൽ നിന്ന് മാറ്റിനിർത്തിയെന്ന ഗൂഢാലോചനയാണ് പദ്മകുമാർ സുഹൃത്തുക്കൾ വഴി പുറത്തുവിട്ടത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ നേരിട്ട് പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ നീക്കം.
തന്റെ ആത്മകഥയിൽ ഈ അണിയറക്കഥകളെല്ലാം അക്കമിട്ട് നിരത്തുമെന്ന പ്രചാരണം ശക്തമായതോടെ സി.പി.എം നേതൃത്വത്തിന്റെ നെഞ്ചിടിപ്പേറി. സ്വർണ്ണക്കൊള്ളയേക്കാൾ വലിയ പ്രത്യാഘാതം ശബരിമല വിഷയത്തിലെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം വീടുകൾ കയറി വിശദീകരണം നൽകി പാർട്ടി കഷ്ടപ്പെട്ട് അടച്ച അധ്യായമാണ് ശബരിമല വിഷയം. ഇത് വീണ്ടും ചർച്ചയായാൽ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും, യു.ഡി.എഫും ബി.ജെ.പിയും ഇത് വലിയ രാഷ്ട്രീയ ആയുധമാക്കുമെന്നും പാർട്ടി ഭയപ്പെടുന്നു.
തുടർനടപടികളിൽ അതൃപ്തി പുകയുന്നു: കടുത്ത നടപടി വേണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യം തള്ളിയാണ് സംസ്ഥാന നേതൃത്വം സസ്പെൻഷനിൽ കാര്യങ്ങൾ ഒതുക്കിയത്. വരും ദിവസങ്ങളിൽ പാർട്ടി കമ്മിറ്റികളിൽ ഇത് വലിയ ആഭ്യന്തര കലഹത്തിന് വഴിതുറക്കുമെന്നുറപ്പാണ്.
ഭരണവിരുദ്ധ വികാരം വിനയായി; കരണത്തടിച്ച് സി.പി.ഐ റിപ്പോർട്ട്!
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ സി.പി.എം നിലപാടുകളെ പൂർണ്ണമായി തള്ളി ഘടകകക്ഷിയായ സി.പി.ഐയും രംഗത്തെത്തിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികളോടുള്ള ശക്തമായ എതിർപ്പും ഭരണവിരുദ്ധ വികാരവുമാണ് കനത്ത പരാജയത്തിന് കാരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ന്യൂനപക്ഷ ഏകീകരണ പരാജയം, സംഘടനാപരമായ വീഴ്ചകൾ, സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ എന്നിവയും തോൽവിക്ക് ആക്കം കൂട്ടി. അതേസമയം, പരാജയത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് പരസ്യ പ്രസ്താവന നടത്തിയ മുതിർന്ന നേതാവ് കെ.ആർ. ചന്ദ്രമോഹനെ താക്കീത് ചെയ്യാനും സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്. തോൽവിയുടെ ആഘാതത്തിനൊപ്പം മുന്നണിക്കുള്ളിലെ പടലപ്പിണക്കങ്ങളും ഇടത് ക്യാമ്പിനെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിരോധത്തിലാക്കും.










