
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടവന്ത്ര പൊലീസ് സ്റ്റേഷന് ഉപരോധിച്ചു
കൊച്ചി: ഒമ്പതു വയസുളള മകള്‍ക്കു നേരെ നടുറോഡില്‍ ലൈംഗിക അതിക്രമം നടത്തിയയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ച പിതാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെതിരെ കോണ്‍ഗ്രസ് കടവന്ത്ര പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. പോക്സോ കേസിലെ പ്രതിയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത കടവന്ത്ര പൊലീസിന്റെ നടപടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പ്രതിക്കെതിരെ നടപടികള്‍ സ്വീകരിക്കാത്ത പൊലീസ് കേസ് ഒത്തു തീര്‍പ്പാക്കാന്‍ കൂട്ടുനിന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സിപിഎം നേതാക്കള്‍ ഇടപെട്ട് കേസിലെ പ്രതിയെ രക്ഷിക്കാന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തെന്നും, ഇതില്‍ കുറ്റക്കാരായ നേതാക്കള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും, ഒമ്പതുവയസുകാരിക്ക് പോലും നീതി ലഭിക്കാത്ത ജനമൈത്രി പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കടവന്ത്ര പൊലീസ് സ്റ്റേഷന് കോണ്‍ഗ്രസ് ഉപരോധിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, തൃക്കാക്കര എംഎല്‍എ ഉമ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ പി ഡി മാര്ട്ടിന്, സിജോ ജോസഫ്, ജര്‍ജസ് വി ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ രതീഷ് വൈറ്റില, ലിജോ ജോസ്, ഹബീബ് പേരെപ്പാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പിതാവ് സിപിഎം പ്രവര്‍ത്തകനായിരുന്നിട്ടും സിപിഎമ്മും പൊലീസും ചേര്‍ന്ന് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. നീതി ലഭിക്കേണ്ടത് ഒരു സിപിഎം പ്രവര്‍ത്തകനാണ്. ഇത് രാഷ്ട്രീയമല്ല. പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ചയാളെ രക്ഷിക്കാന്‍ പൊലീസും സിപിഎമ്മും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നടപടിയെടുക്കാനാണെങ്കിലും മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മകള്‍ക്കെതിരായ ലൈംഗീകാധിക്രമം കണ്ടു നിന്ന പിതാവിന് പോലും പ്രതികരിക്കാനാകാത്ത അവസ്ഥയാണെന്നും, നമ്മുടെ നാട്ടില്‍ പരാതിക്കാരന് സ്റ്റേഷനില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു. പ്രതിയെ ജുവനൈല്‍ ആയതിനാല്‍ ജാമ്യം നല്‍കിയെന്ന പൊലീസ് ഭാഷ്യം എത്ര ലളിതമാണെന്നും എംഎല്‍എ പറഞ്ഞു.
കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇടനിലക്കാരായ സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നും, നേതാക്കള്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് വയസുകാരിയുടെ പീഡനത്തിന് അഞ്ചു ലക്ഷം വിലയിട്ട സിപിഎം നേതാക്കള്‍ നാടിന് തന്നെ അപമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസി കമ്മീഷണര്‍ രാജ് കുമാറുമായി നേതാക്കള്‍ സംസാരിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പൊലീസ് ചെയ്ത ക്രൂരതയാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. സംഭവത്തില്‍ അതി ശക്തമായ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷന് പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് നാലരയോടെയാണ് സഹോദരിക്കൊപ്പം റോഡില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിക്ക് നേരെ ലൈംഗികാധിക്രമം നടന്നത്. പതിനേഴുകാരന്റെ അതിക്രമം സിസിടിവി ദൃശ്യങ്ങളടക്കം പിതാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അക്രമം നടത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ കുട്ടിയുടെ പിതാവ് പിന്തുടര്ന്ന് പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക സിപിഎം നേതാക്കളടക്കം സമീപിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി.
Photo Courtesy - Google








