വി എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് പാർട്ടി സമ്മേളനത്തിൽ പ്രഖ്യാപിച്ചത് ഒരു പെൺകുട്ടിയെന്ന് സുരേഷ് കുറുപ്പ്

വി എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ വീണ്ടും ചർച്ചകളിൽ നിറഞ്ഞ ക്യാപിറ്റൽ പണിഷ്മെന്റ് വിവാദം കെട്ടടങ്ങുന്നില്ല. പാർട്ടി സമ്മേളനത്തിൽ ഒരു യുവനേതാവ് വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടെന്ന പിരപ്പൻകോട് മുരളിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പും രംഗത്തെത്തി. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനം വി.എസ്.അച്യുതാനന്ദൻ ബഹിഷ്കരിച്ചത് ‘ക്യാപ്പിറ്റൽ പണിഷ്മെന്റ്’ (വധശിക്ഷ) പ്രയോഗത്തെ തുടർന്നാണെന്നായിരുന്നു പിരപ്പൻകോട് മുരളി വെളിപ്പെടുത്തിയത്. ഇതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പിരപ്പൻകോട് മുരളിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാൽ, വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നിരുന്നു എന്ന് സുരേഷ് കുറുപ്പും സ്ഥിരീകരിക്കുന്നു.
സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിഎസിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശം നടത്തിയത് ഒരു പെൺകുട്ടിയെന്നാണ് ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തിൽ സുരേഷ് കുറുപ്പ് പറയുന്നത്. 2012 ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം.സ്വരാജാണ് ഇങ്ങനെ പ്രസംഗിച്ചതെന്നും പിരപ്പൻ കോട് മുരളി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്. വിഎസിനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞതിന്റെ ഒരു തെളിവോ വിഡിയോ ക്ലിപ്പോ ഹാജരാക്കിയാൽ ഈ പരിപാടി നിർത്താമെന്നായിരുന്നു സ്വരാജ് മുൻപ് ചാനൽ ചർച്ചയിൽ പ്രതികരിച്ചത്.











